വർക്കല: ലോക്ഡൗൺ വേളയിൽ നിറുത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാത്തത് കരുനിലക്കോട് പ്രദേശത്ത് യാത്രാക്ലേശ മുണ്ടാക്കുന്നു. കരുനിലക്കോട് വഴി കഴിഞ്ഞ 32 വർഷമായി നടത്തിയിരുന്ന സർവീസ് ഉൾപ്പെടെയാണ് നിറുത്തിയത്.
കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന വർക്കല-കരുനിലക്കോട്- പാളയംകുന്ന് മുത്താന വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസും തോണിപ്പാറ നിന്നും കരുനിലക്കോടുവഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറുമാണ് കൊവിഡ് സമയത്ത് നിറുത്തിവച്ചത്.
കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ച് മറ്റെല്ലാ സർവീസുകളും പുനരാരംഭിച്ചിട്ടും കരുനിലകോട് പ്രദേശത്ത് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും തുറന്നതോടെ ഈ പ്രദേശങ്ങളിലുള്ളവർ വളരെയധികം ബുദ്ധിമുട്ടുകയാണ്.
വർക്കല നഗരസഭ, ഇടവ, ഇലകമൺ ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയുടെ അതിർത്തി പങ്കിടുന്ന ഗ്രാമപ്രദേശത്ത് നിരവധി പേരാണ് ഈ സർവീസുകളെ ആശ്രയിച്ചിരുന്നത്. സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ബി.ജെ.പി വർക്കല മണ്ഡലം പ്രസിഡന്റ് വിജി. ആർ.വി ആവശ്യപ്പെട്ടു.