
തിരുവനന്തപുരം: 18 മണിക്കൂർ നീണ്ട സംസ്ഥാനത്തെ ആദ്യത്തെ ലൈവ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയയുടെ വിവരമറിയാൻ രോഗിയുടെ ബന്ധുക്കൾക്കൊപ്പം കാത്തുനിന്ന് ആരോഗ്യമന്ത്രിയും. രണ്ടര മണിക്കൂറിലേറെയാണ് മന്ത്രി വീണാജോർജ് ആശുപത്രിയിലുണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ബന്ധുക്കളോടും ഡോക്ടർമാരുമായും സംസാരിച്ച ശേഷം രാത്രി 12നാണ് മന്ത്രി മടങ്ങിയത്.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് തൃശൂർ സ്വദേശി സുബീഷിന് ഭാര്യ പ്രവിജയിൽ നിന്ന് കരൾ പകുത്തുവച്ചുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. ഉച്ചവരെ മന്ത്രി പത്തനംതിട്ടയിലെ ഔദ്യോഗിക പരിപാടിയിലായിരുന്നു. ഉച്ചയ്‌ക്ക് സെക്രട്ടേറിയറ്റിലെത്തി പ്രധാനപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തു. തുടർന്നാണ് കോട്ടയത്തേക്ക് തിരിച്ചത്.
രാത്രി 9.30ന് ആശുപത്രിയിലെത്തിയ മന്ത്രി സുബീഷിന്റെ ബന്ധുക്കളായ ഉണ്ണിക്കുട്ടൻ, സുമ എന്നിവരുമായി സംസാരിച്ചു. രാത്രി 11 കഴിഞ്ഞാണ് ഡോ. ജയകുമാറിന്റെയും ഡോ. സിന്ധുവിന്റെയും നേതൃത്വത്തിലുള്ളവർ ദൗത്യം പൂർത്തിയാക്കിയെത്തിയത്. തുടർന്ന് ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞ ശേഷം ബന്ധുക്കളെ അറിയിച്ചു. ശസ്ത്രക്രിയയിൽ പങ്കാളിയായ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.