
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച് സർക്കാർ ചർച്ച തുടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഉൾപ്പെടെയുള്ളവർ പ്രീബഡ്ജറ്റ് ചർച്ചയിൽ പെൻഷൻ പ്രായം ഉയർത്തരുതെന്ന് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളോട് കിഫ്ബി ബോർഡ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ പുനർവിന്യാസം പരിചയസമ്പത്ത് ആവശ്യമായ മേഖലയിൽ തുടങ്ങിയിട്ടുണ്ട്. പുതിയ മേഖലകളിൽ നിയമനവും നടത്തുന്നുണ്ട്. സാമൂഹ്യക്ഷേമപെൻഷൻ പദ്ധതിയിൽ ശുദ്ധീകരണവും തുടങ്ങി. പെൻഷൻ വാങ്ങിയിരുന്ന ചില സർക്കാർ ഉദ്യോഗസ്ഥരെ വരെ കണ്ടെത്തി ഒഴിവാക്കി.
സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് സാമൂഹ്യക്ഷേമ പദ്ധതികളിൽ നിന്ന് പിൻമാറാത്തത്. വായ്പാപരിധി അഞ്ച് ശതമാനമാക്കുക, ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടുക കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന് 60ശതമാനം വിഹിതം കേന്ദ്രം വഹിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ വ്യവസ്ഥകൾ കാരണം ഒരുവർഷത്തേക്കുള്ള വായ്പാപരിധി അഞ്ച് ശതമാനമാക്കിയെങ്കിലും സർക്കാരിന് പൂർണമായി ഉപയോഗിക്കാനായില്ല. കെ.എസ്.ഇ.ബിയിൽ പുനഃസംഘടനയുൾപ്പെടെയുള്ളവ പരിഗണിച്ചുവരികയാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.