cherian-philip

തിരുവനന്തപുരം: കെ.പി.സി.സി ആരംഭിക്കുന്ന രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാൻ ഫിലിപ്പിനെ പ്രസിഡന്റ് കെ. സുധാകരൻ എം.പി നിയമിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ, സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചർച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ ആശയപരമായ അടിത്തറയും ചരിത്ര പാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചാരണ പരിപാടികൾ ആവിഷ്കരിക്കും.
എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന ചെറിയാൻ ഫിലിപ്പ് കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ ആന്റണിയോടിടഞ്ഞ് കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പ് സമീപകാലം വരെയും ഇടതു സഹയാത്രികനായിരുന്നു. 2006ൽ കെ.ടി.ഡി.സി അദ്ധ്യക്ഷനായും 2016ൽ നവകേരള മിഷൻ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. രണ്ടാം പിണറായി സർക്കാർ വന്നശേഷം ഖാദി ബോർഡ് ഉപാദ്ധ്യക്ഷ പദവി നിരസിച്ച് കോൺഗ്രസിലേക്ക് മടങ്ങി.