o

കടയ്ക്കാവൂർ: തൊഴിലുറപ്പ്മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തൊഴിലുറപ്പ് തൊഴിലാളികൾ കത്തുകൾ അയച്ചു. തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കുക, പദ്ധതിക്ക് ആവശ്യമായ തുക നീക്കി വയ്ക്കുക പ്രതിവർഷം 200 തൊഴിൽദിനങ്ങൾ അനുവദിക്കുക
കൂലി 600 രൂപയായി ഉയർത്തുക, എസ്.സി.എസ്.ടി ജാതി അടിസ്ഥാനത്തിൽ പ്രത്യേകമായി കൂലി നൽകുന്നത് അവസാനിപ്പിക്കുക,
കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചും, പണിയിടങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത്.
അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക്കര പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, യൂണിയൻ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, മേഖലാ സെക്രട്ടറി ലിജാബോസ്, പ്രസിഡന്റ് സജി സുന്ദർ ട്രഷറർ വിജയ് വിമൽ, ഗ്രാമപഞ്ചായത്തംഗം സരിത, അജയകുമാർ എന്നിവർ സംസാരിച്ചു.