attukal-

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവിൽ നാളെ ആറ്റുകാൽ അമ്മയ്ക്കു നാടെങ്ങും പൊങ്കാല അർപ്പിക്കും. ക്ഷേത്രമുറ്റത്ത് പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണയും പൊങ്കാല. ഭക്തജനങ്ങൾ വീട്ടുമുറ്റങ്ങളിൽ സമയനിഷ്ഠ പാലിച്ച് പൊങ്കാലയിടും.

കുംഭത്തിലെ പൂരവും പൗർണമിയും ഒത്തുവരുന്ന നാളെ രാവിലെ 10.50നാണ് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നത്. അടുത്ത നിമിഷം വീടുകളിൽ ഒരുക്കിയിരിക്കുന്ന അടുപ്പുകളിൽ അഗ്നികൊളുത്താം. ഉച്ചയ്ക്ക് 1.20ന് പണ്ടാര അടുപ്പിൽ പൊങ്കാല നിവേദിക്കുന്നതിന്റെ അടുത്ത നിമിഷം വീടുകളിൽ തയ്യാറാക്കിയ നിവേദ്യങ്ങളും സമർപ്പിക്കാം.

വീടിനകവും പുറവും വൃത്തിയാക്കി വ്രതശുദ്ധിയോടെ ലോകത്തെവിടെയും പൊങ്കാല അർപ്പിക്കാമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സഹമേൽശാന്തി ടി.കെ.ഈശ്വരൻ നമ്പൂതിരി 'കേരളകൗമുദി'യോടു പറഞ്ഞു. രാവിലെ കുളിച്ച് ശുദ്ധിയായി ദേവിയെ ധ്യാനിച്ചുവേണം ചടങ്ങുകൾ തുടങ്ങേണ്ടത്.

വീട്ടിൽ പൊങ്കാല ഇങ്ങനെ

 പൊങ്കാല അ‌ർപ്പിക്കുന്ന സ്ഥലം ചാണകം മെഴുകി വൃത്തിയാക്കുന്നത് ഉത്തമം. അല്ലെങ്കിൽ വെള്ളം തളിച്ച് വൃത്തിയാക്കണം.

 കിഴക്ക് അല്ലെങ്കിൽ വടക്ക് ദിക്കിലേക്കു നിന്നു വേണം പൊങ്കാല തയ്യാറാക്കേണ്ടത്.

 അടുപ്പിനടുത്ത് ഗണപതിക്ക് പടുക്ക ഒരുക്കാം. ഇലയിൽ പഴം അവൽ, മലർ, ശർക്കര എന്നിവ വയ്ക്കണം. കരിക്ക്, വെറ്റില, പാക്ക്, മറ്റ് പഴവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്താം.

 നിലവിളക്കിൽ തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടുമിട്ടാണ് കത്തിക്കേണ്ടത്. സമീപത്ത് ചന്ദനത്തിരിയും കത്തിക്കാം.

 വിളക്ക് കത്തിക്കുമ്പോഴും അടുപ്പിൽ അഗ്നിപകരുമ്പോഴും നിവേദിക്കുമ്പോഴുമെല്ലാം മനസിൽ ദേവിയെ ധ്യാനിക്കണം

ശർക്കര പായസം, വെള്ളപായസം, തെരളി, മണ്ടപ്പുറ്റ് എന്നിങ്ങനെ ഏത് നിവേദ്യവും തയ്യാറാക്കാം

നിവേദ്യം തയ്യാറാക്കിയ ശേഷം വീടിനുള്ളിൽ കയറുന്നതുകൊണ്ട് ദോഷമില്ല.

കിണ്ടിയിൽ ജലമെടുത്ത് പൂവുമായി അർപ്പിച്ച് നിവേദ്യം ദേവിക്ക് സമർപ്പിക്കാം

''ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് വീടുകളിൽ പൊങ്കാലയിടുക. പൊങ്കാല ദേവി സ്വീകരിച്ചോളും'

'- ഈശ്വരൻ നമ്പൂതിരി

മന്ത്രം:

'സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ദേവീ നാരായണി നമോസ്തുതേ'