
തിരുവനന്തപുരം: സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായി ഹൈക്കോടതി അനുമതി നൽകിയ സർവേ ഭൂമി ഏറ്റെടുക്കാനുള്ളതല്ല. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശങ്ങൾ കല്ലിട്ട് അടയാളപ്പെടുത്താനുള്ള പ്രാഥമിക സർവേ മാത്രമാണിത്. ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ സർവേ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച ശേഷം മാത്രമാവും നടത്തുക. അതിന് മുമ്പ് മറ്റ് പല നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുമുണ്ട്.
ഇപ്പോൾ ഇടുന്ന കല്ലുകൾ ഭൂമി ഏറ്റെടുക്കാനുള്ളതാണെന്ന പ്രചാരണങ്ങൾ ശരിയല്ല. സിൽവർലൈനിന്റെ അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശങ്ങൾ തിരിച്ചറിയാനാണ് ഇപ്പോൾ കല്ലിടുന്നത്. ഈ പ്രദേശങ്ങളിൽ എത്ര ഭൂമി ഏറ്റെടുക്കണം, സ്വകാര്യ ഭൂമി എത്ര, എത്ര കുടുംബങ്ങളെ ബാധിക്കും, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്. പതിനൊന്ന് ജില്ലകളിലും സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
സാമൂഹികാഘാത പഠന റിപ്പോർട്ട് അംഗീകരിച്ച ശേഷം നടത്തുന്ന അന്തിമസർവേയിലാണ് ഏറ്റെടുക്കേണ്ട ഭൂമി കൃത്യമായി തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത്. ഭൂവുടമകൾക്ക് എത്ര ഭൂമി നഷ്ടമാവുമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തികളും അപ്പോൾ മാത്രമേ അറിയാനാവൂ. ഭൂരേഖകളും പരിശോധിക്കും. തുടർന്ന് ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ എട്ട് (രണ്ട്) വകുപ്പ് പ്രകാരം സർക്കാർ ഉത്തരവിട്ട ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കൽ തുടങ്ങുന്നത്.
പൊതുപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നിയമപരമായി നടത്തേണ്ടതാണ് സാമൂഹികാഘാത പഠനം. തത്വത്തിൽ അനുമതിയുള്ള പദ്ധതികൾക്ക് ഇത്തരം നടപടികളാവാം. പക്ഷേ, അന്തിമ ടെൻഡർ നൽകാൻ പാടില്ലെന്നാണ് ധനമന്ത്രാലയത്തിന്റെയും റെയിൽവേയുടെയും വ്യവസ്ഥ.
ജനാഭിപ്രായം കേൾക്കും, റിപ്പോർട്ട് പരസ്യപ്പെടുത്തും
അലൈൻമെന്റിന്റെ അതിര് ( ഏറ്റെടുക്കേണ്ട ഭൂമി ) അടയാളപ്പെടുത്തും.
ബാധിക്കുന്ന കുടുംബങ്ങളുടെ അഭിപ്രായം കേൾക്കും.
ഭൂമി നഷ്ടപ്പെടുന്നവർക്ക് ആശങ്കകൾ അറിയിക്കാം
അതിനുശേഷം ജനങ്ങളുടെ അഭിപ്രായം തേടും.
എല്ലാം കേട്ടശേഷം സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
രണ്ട് സാമൂഹ്യശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പുനരധിവാസ വിദഗ്ദ്ധർ, സാങ്കേതികവിദഗ്ദ്ധർ എന്നിവരുടെ സമിതി ഈ റിപ്പോർട്ട് പഠിക്കും.
സമിതിയുടെ അഭിപ്രായങ്ങളും പരിഗണിച്ചാവും ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കുക.
അതിനുശേഷം ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട് തിരിക്കാനുള്ള അന്തിമസർവേ.
പദ്ധതി ഒരുവർഷം വൈകിയാൽ അധികചെലവ്- 3500കോടി