lp

തിരുവനന്തപുരം: സംസ്ഥാനത്ത് 2025ഓടുകൂടി കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയരാകണം. 6 മുതൽ 12 മാസക്കാലത്തെ ചികിത്സകൊണ്ട് ഏത് അവസ്ഥയിലും രോഗം പൂർണമായും ഭേദമാക്കാൻ സാധിക്കും. നിലവിൽ 460 രോഗികളാണ് ചികിത്സയിലുള്ളത്. 2020-21 വർഷത്തിൽ 311 രോഗികളെയും 2021-22ൽ 302 രോഗികളെയുമാണ് കണ്ടെത്തി ചികിത്സ ഉറപ്പാക്കിയത്.

മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണു മൂലമാണ് കുഷ്ഠ രോഗം ഉണ്ടാകുന്നത്. പ്രധാനമായും വായുവിലൂടെയാണ് രോഗം പകരുന്നത്. സമ്പർക്കത്തിലൂടെയും പകരാം. 90 ശതമാനം ആളുകൾക്കും കുഷ്ഠരോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗം വരാൻ സാദ്ധ്യത കുറവാണ്.

സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, കൈയിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും, വേദന ഉള്ളതും വീർത്തു തടിച്ചതുമായ നാഡികൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.