പാറശാല: കാർഷിക പഞ്ചായത്ത് ആയ ചെങ്കലിലെ പോരന്നൂർ വാർഡിലെ വണ്ടിച്ചിറ തോടിന്റെ സൈഡ് വാൾ ഉൾപ്പെടെ പാലം തകർന്നിട്ട് 12 വർഷങ്ങൾ കഴിഞ്ഞു. പാലത്തിന്റെ സൈഡ് വാൾ തകർന്നതോടെ മഴവെള്ളം പോരന്നൂർ ഏലായിലേക്ക് എത്തുന്നത് കാരണം മേലെ പോരന്നൂർ, കീഴെ പോരന്നൂർ ഏലാകളിലെ നെൽകൃഷി ഉൾപ്പെടെയുള്ള 75 ഏക്കറിലെ കൃഷി നാശം പതിവായിരിക്കുകയാണ്. കർഷകരുടെ പരാതികളെ തുടർന്ന് വാർഡിലെ പാലം, സൈഡ്‌വാൾ എന്നിവ നിർമ്മിക്കുന്നതിനായി എം.എൽ.എ യുടെ ആസ്തി വികസനത്തിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി. മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ഉൾപ്പെടുന്ന 8 പദ്ധതികൾക്കായി 57.03 ലക്ഷത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. എന്നാൽ ഇവയിലെ ഏഴ് പവൃത്തികൾ പൂർത്തിയാക്കിയെങ്കിലും എട്ടാമത്തെ ചെങ്കൽ പോരന്നൂർ വാർഡിലെ വണ്ടിച്ചിറ തോടിന്റെ സൈഡ് വാളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പണികൾ ഒന്നുംതന്നെ നടന്നിട്ടില്ല. എട്ട് പ്രവൃത്തികൾ ഉൾപ്പെടുന്ന ടെൻഡറിലെ ഏഴെണ്ണം പൂർത്തിയാക്കിയെങ്കിലും എട്ടാമത്തെ പ്രവൃത്തി നടത്താതെ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി രേഖകൾ തരപ്പെടുത്തി ബില്ല് മാറിയതായാണ് നാട്ടുകാർ പറയുന്നത്.
കളക്ടറുടെ ഉത്തരവ് അനുസരിച്ച് എട്ടാമത്തെ പ്രവൃത്തി പൂർത്തിയാക്കാതെ രേഖകളിൽ കൃത്രിമം കാട്ടി പണികൾ പൂർത്തിയായതായി കാണിച്ച് ബില്ല് മാറിയതായിട്ടാണ് കർഷകർ ഉൾപ്പെടുന്ന നാട്ടുകാർ പരാതിപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയങ്ങളിലും തുടർന്നും വണ്ടിച്ചിറ തോടിൽ നിന്നുള്ള വെള്ളം ഏലായിലേക്ക് ഒഴുകിയെത്തി കൃഷി പൂർണ്ണമായും നശിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിൽ വണ്ടിച്ചിറ തോട് നിറഞ്ഞ് കവിഞ്ഞത് കാരണം പോരന്നൂർ ഏലായിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.