പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസ് മനുഷ്യ ജീവന് വില കല്പിക്കാത്ത നിർമ്മാണമെന്ന് ബൈപ്പാസ് ആക്ഷൻ കൗൺസിൽ. കോട്ടുകാൽ പുന്നക്കുളത്ത് കഴക്കൂട്ടം - കാരോട് ബൈപ്പാസിനായി നിർമ്മിച്ച മതിൽ തകർന്നുവീണ സംഭവത്തിൽ, ചതുപ്പ് നിലത്ത് അടിസ്ഥാനം ബലപ്പെടുത്താത്ത നിർമ്മാണമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് കഴക്കൂട്ടം - കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി.സുധാകരൻ കുറ്റപ്പെടുത്തി. ഒന്നര മീറ്ററോളം പൊക്കമുള്ള സ്ലാബുകൾ അടുക്കി ഈ ഭാഗത്ത് നിർമ്മിച്ച 10 മീറ്ററോളം പൊക്കമുള്ള ആര്യ വാളാണ് തകർന്നത്.
നാട്ടുകാർ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ട അധികാരികൾ ചെവിക്കൊണ്ടില്ലെന്ന് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ബി.എസ്. രജനീഷ് പരാതിപ്പെട്ടു. വിദഗ്ദ്ധസംഘം പരിശോധിച്ച ശേഷം മാത്രമേ ഇനി ബൈപ്പാസ് നിർമ്മാണം തുടങ്ങാൻ അനുവദിക്കൂവെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ വി.സുധാകരൻ പറഞ്ഞു.