
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഉരുക്കു കോട്ടയായ തിരുവനന്തപുരം .യൂണിവേഴ്‌സിറ്റി കോളേജിൽ
37 വർഷത്തിന് ശേഷം കെ.എസ്.യുവിന്റെ വെന്നിക്കൊടി പാറിച്ചതിന്റെ ആവേശത്തിലാണ് ഡെൽന തോമസ്.
കോളേജിലെ പുതിയ ആർട്സ് ക്ളബ്ബ് സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അവസാന വർഷ എം.എ മലയാളം വിദ്യാർത്ഥിനി ഡെൽനയുടെ വാക്കുകളിൽ ഭയം ലേശമില്ല
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നഷ്ടമായിരിക്കുകയാണ്. ഒരു ഡിപ്പാർട്ട്‌മെന്റിൽ നിന്ന് മറ്റൊരിടത്തേക്ക് പോകണമെങ്കിൽ എസ്.എഫ്.ഐക്കാരുടെ അനുവാദം വേണം. ഈ സ്ഥിതി മാറണം. ആർട്സ് ക്ളബ്ബ് സെക്രട്ടറിയെന്ന നിലയിൽ കെ.എസ്.യു -എസ്.എഫ്.ഐ വേർതിരിവില്ലാതെ പ്രവർത്തിക്കും. കോളേജിലെ കലാപരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് പോലും പാർട്ടി നോക്കിയാണ്. ഇതിന് മാറ്റം വരണം. കോളേജിലെ കെ.എസ്.യു പ്രവർത്തകരുടെ മനോവീര്യം ഉയർത്തണം. . എസ്.എഫ്.ഐയെ പേടിച്ചാണ് വിദ്യാർത്ഥികൾ പഠിക്കുന്നത്. കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് കെ.എസ്.യുവിലേക്ക് ആകർഷിക്കപ്പെട്ടത്. വിദ്യാധിരാജയിൽ കെ.എസ്.യുവും എസ്.എഫ്. ഐയും സൗഹാർദ്ദപരമായാണ് പ്രവർത്തിക്കുന്നത്- ഡെൽന കേരള കൗമുദിയോട് പറഞ്ഞു.
കൊല്ലം കുണ്ടറ ചീരങ്കാവ് സ്വദേശി ഡി. തോമസിന്റെയും അമ്മിണി തോമസിന്റെയും രണ്ടാമത്തെ മകളാണ് ഡെൽന. ചേച്ചി ഡയാന രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി. രാവിലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ പേട്ടയിലെ വീട്ടിലെത്തി ഡെൽന അനുഗ്രഹം തേടി. ഡെൽനയെ ഷാൾ അണിയിച്ച സുധാകരൻ, രാഷ്ട്രീയത്തിൽ സ്റ്റാറാവണമെന്ന് ഉപദേശിച്ചു.