governor

₹ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന

തിരുവനന്തപുരം: ഹിജാബ് വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിച്ച് മാറ്റി നിറുത്തുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ന്യൂനപക്ഷക്കാരനായി അറിയാൻ താൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ പൗരനായാണ് ചിന്തിക്കുന്നത്. ഷബാനു

കേസ് അട്ടിമറിച്ചവരാണ് ഹിജാബ് വിവാദത്തിന് പിന്നിൽ. മുത്തലാഖ് നിരോധിച്ചതിൽ വിഷമിക്കുന്നവരാണ് ഹിജാബ് വിവാദമാക്കുന്നത്. പെൺകുട്ടികൾ കടുംപിടിത്തം ഉപേക്ഷിക്കണം. ഹിജാബ് സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന വാദം ശരിയല്ല. ഖുറാനിൽ അത്തരം കാര്യങ്ങൾ പറയുന്നില്ല. സ്ത്രീകളുടെ പുരോഗതിയെ തടയാനാണ് ഇത്തരം വിലക്കുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം തീരുമാനിക്കാൻ അവകാശമുണ്ട്. യൂണിഫോം അച്ചടക്കത്തിന്റെ ഭാഗമാണെന്നും ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കി.

'കാവി നിറം എനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണ്. കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മ​റ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. ഞാൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലീംലീഗ് എന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണ്. ഏക സിവിൽ കോഡിനെ ഞാൻ അനുകൂലിക്കുകയാണ്. അതാരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട് '-ഗവർണർ ചോദിച്ചു.

സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. 1986 മുതൽ മുസ്ലീം ലീഗ് എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ ചർച്ചകളിൽ ഇടപെടാൻ താത്പര്യമില്ല. ഖുറാനിലുള്ളതാണ് ഞാൻ പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് അവരോട് നന്ദിയുണ്ട്. 1986ൽ ഞാൻ രാജി വയ്ക്കുമ്പോൾ ബി.ജെ.പിക്ക് രണ്ട് എംപിമാർ മാത്രമാണുണ്ടായിരുന്നത്. 25-ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്ര മോഡിയുമായി മൂന്ന് തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്- ഗവർണർ വ്യക്തമാക്കി.