തിരുവനന്തപുരം: ചോദ്യ പേപ്പറിലെ ഫോക്കസ് ഏരിയ വിഷയത്തിൽ ഒഴികെ അദ്ധ്യാപക സംഘടനകളുടെ ആവശ്യങ്ങളോട് അനുകൂല നിലപാടെടുത്ത് മന്ത്രി വി. ശിവൻകുട്ടി. ഫോക്കസ് ഏരിയ വിഷയത്തിൽ ഇനി ഒന്നും ചെയ്യാനാകില്ലെന്നും ചോദ്യപേപ്പർ തയ്യാറായിക്കഴിഞ്ഞെന്നും അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. ചർച്ചയില്ലാതെ തീരുമാനമെടുത്തതിനെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ വിമർശിച്ചു. നോൺ ഫോക്കസ് ഏരിയ ഓപ്ഷണൽ ആക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന്റെ സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കുറി കലോത്സവങ്ങളോ ശാസ്ത്രമേളകളോ ഒന്നും നടന്നിട്ടില്ല. എന്നാൽ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്, റെഡ്ക്രോസ് പ്രവർത്തനങ്ങളും പരീക്ഷകളും നടന്നിട്ടുമുണ്ട്. അപ്പോൾ ഒരു കൂട്ടർക്ക് മാത്രമായി എങ്ങനെ ഗ്രേസ് മാർക്ക് നൽകുമെന്നതാണ് പ്രശ്നം.

ഫോക്കസ് ഏരിയ വിവാദത്തിൽ ലേഖനമെഴുതിയ അദ്ധ്യാപകനെതിരെ നടപടിയെടുത്തതിലെ പ്രതിഷേധവും സംഘടനകൾ അറിയിച്ചു. സംഘടനയ്ക്ക് പ്രതികരിക്കാം, വ്യക്തിഗതമാകുമ്പോൾ സർവീസ് ചട്ടങ്ങളുണ്ടെന്ന് മന്ത്രി മറുപടി നൽകി. ഹയർസെക്കൻഡറി മൂല്യ നിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം 17ൽ നിന്ന് 15 ആക്കി കുറയ്ക്കാമെന്നും മന്ത്രി ഉറപ്പു നൽകി. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിനെ ആദ്യം എതിർത്ത സംഘടനകൾ മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് പിന്മാറി. ഓൺലൈൻ ക്ളാസുവേണ്ടെന്ന അഭിപ്രായത്തോടും യോജിച്ചു. പ്ളസ് വൺ പരീക്ഷാ തീയതിയെക്കുറിച്ച് തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.