നടപടി രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെ വിമർശിച്ചതിന്
തിരുവനന്തപുരം: ഇടുക്കിയിലെ വിവാദമായ രവീന്ദ്രൻ പട്ടയം റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തെ പരസ്യമായി വിമർശിച്ചതിന് പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ വീണ്ടും സി.പി.ഐ താക്കീത് ചെയ്തു. സമീപകാലത്തായി ശിവരാമൻ നേരിടുന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ശിവരാമന്റെ വിശദീകരണം തള്ളി നടപടിക്ക് തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിന്റെ പ്രാധാന്യം പാർട്ടി മുഖപത്രം തിരിച്ചറിഞ്ഞില്ലെന്ന് പരസ്യവിമർശനമുന്നയിച്ചതിനാണ് ശിവരാമനെ ഇതിനുമുമ്പ് പരസ്യമായി ശാസിച്ചത്.
യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെങ്കിൽ അത് പട്ടയം വാങ്ങിയവരുടെ കുറ്റമല്ലെന്നും പട്ടയം റദ്ദാക്കുന്നത് അംഗീകരിക്കില്ലെന്നുമായിരുന്നു ഉത്തരവിന് പിന്നാലെ ശിവരാമൻ പ്രതികരിച്ചത്. സർക്കാർ നിലപാടിന് വിരുദ്ധമായി പരസ്യപ്രസ്താവന നടത്തിയതിന് കഴിഞ്ഞാഴ്ച ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് ശിവരാമനോട് വിശദീകരണം തേടിയിരുന്നു. പട്ടയം റദ്ദാക്കുന്നതുസംബന്ധിച്ച് ആദ്യദിവസം വന്ന വാർത്തയിൽ കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ലെന്നായിരുന്നു ശിവരാമന്റെ വിശദീകരണം. ഇത് പാർട്ടി തള്ളുകയായിരുന്നു.
ലോകായുക്ത: കാത്തിരിക്കാമെന്ന് കാനം
ലോകായുക്ത ഭേദഗതി വിഷയത്തിൽ സി.പി.എം നേതൃത്വം ചർച്ചയാവാമെന്ന് അറിയിച്ച സ്ഥിതിക്ക് കാത്തിരിക്കാമെന്ന് യോഗത്തിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസൗകര്യത്താലാണ് ഉഭയകക്ഷി ചർച്ച ഇതുവരെ നടക്കാത്തത്. ഓർഡിനൻസ് നിലവിൽ വന്നും കഴിഞ്ഞു. ഇനി ചർച്ചവരെ കാത്തിരിക്കാമെന്നേയുള്ളൂവെന്നും കാനം പറഞ്ഞു.
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാനുള്ള വ്യവസായവകുപ്പിന്റെ തീരുമാനം ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുന്നതാകുമെന്ന വിമർശനം യോഗത്തിലുയർന്നു. എൽ.ഡി.എഫിന്റെ നയത്തിനനുസരിച്ചല്ലാതെ മന്ത്രിമാർ തോന്നുംപോലെ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത് ഉചിതമല്ല. ഇക്കാര്യം എൽ.ഡി.എഫിൽ ചർച്ച ചെയ്യണമെന്നും ആവശ്യമുയർന്നു. നെൽവയൽ-തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്ത് വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നുവെന്ന ആശങ്കയും യോഗത്തിലുയർന്നു.