തിരുവനന്തപുരം: ഗതാഗതക്കുരുക്ക് രൂക്ഷമായ പേരൂർക്കട ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മാണത്തിന് 50.67 കോടി രൂപ അനുവദിക്കാൻ കിഫ്‌ബിയുടെ ഡയറക്‌ടർ ബോർഡ് യോഗത്തിൽ തീരുമാനമായി.സ്ഥലമേറ്റെടുപ്പിനായി മുമ്പ് അനുവദിച്ച 43.29 കോടി രൂപയ്ക്ക് പുറമെയാണിത്.പേരൂർക്കടയിൽ ഫ്ലൈ ഓവർ നിർമ്മാണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരവധി വാർത്തകളാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നത്.വഴയില പളളി മുതൽ അമ്പലമുക്ക് വരെയാണ് ഫ്ലൈഓവർ.തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനും 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചു.കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ നിന്നാരംഭിച്ച് അട്ടക്കുളങ്ങര-ഈഞ്ചയ്‌ക്കൽ റോഡിൽ അവസാനിക്കുന്ന 1200 മീറ്റർ നീളത്തിലുള്ള രണ്ടുവരി ഫ്ലൈഓവറാണ് നിർമ്മിക്കുന്നത്. ഫ്ലൈഓവറിന് ആകെ 10 മീറ്റർ വീതിയായിരിക്കും.പദ്ധതിക്കായി ഒഴിപ്പിക്കേണ്ടവർക്ക് കമ്പോള നിരക്കിൽ സ്ഥലവിലയും കെട്ടിട വിലയും നൽകും. സ്ഥലമെടുപ്പിന് 95.28 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കിഴക്കേകോട്ടയിലെയും മണക്കാട് ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനും തീർത്ഥാടനകേന്ദ്രമായ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാനും ഇതുമൂലം കഴിയും. അട്ടക്കുളങ്ങര ജംഗ്ഷനിലെ അപകടസാദ്ധ്യത ഇല്ലാതാക്കാനും തമ്പാനൂരിലേക്കും എയർപോർട്ടിലേക്കും വേഗത്തിൽ എത്താനും പുതിയ ഫ്ലൈഓവർ പൂർത്തിയാകുന്നതോടെ സാധിക്കും.ശിവഗിരിയിലെ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് 10.48 കോടിയും ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി പാർവതി പുത്തനാറിന്റെ വികസനത്തിന് 87.18 കോടി രൂപയും കിഫ്‌ബി ഡയറക്‌ടർ ബോർഡ് അനുവദിച്ചു.