
തിരുവനന്തപുരം: ഭരണപക്ഷ യൂണിയനുകൾ കെ.എസ്.ഇ.ബി ചെയർമാനെതിരെ നടത്തുന്ന സമരം മുൻമന്ത്രി എം.എം. മണി കൂടി ഇടപെട്ടതോടെ വിവാദമായ സാഹചര്യത്തിൽ ഇടതുമുന്നണി നിർദ്ദേശപ്രകാരം പ്രശ്നപരിഹാരത്തിന് മന്ത്രി കെ.കൃഷ്ണൻകുട്ടി നാളെ നേതാക്കളുടെ യോഗം വിളിച്ചു. ഉച്ചയ്ക്ക് രണ്ടിന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.
ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റുമായ കാനം രാജേന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരിം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനപൊതുമേഖലാസ്ഥാപനത്തിൽ ഇടതുയൂണിയനുകൾ സമരം നടത്തുകയും മാനേജ്മെന്റും മുൻനിരഇടതുയൂണിയൻ നേതൃത്വവും പരസ്പരം ചെളിവാരിയെറിയുകയും ചെയ്യുന്നത് ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നാണ് അറിയുന്നത്. മാത്രമല്ല സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരം കെ.എസ്.ഇ.ബിയുടെ പ്രവർത്തനസംവിധാനം തന്നെ താളംതെറ്റിക്കുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. അവശ്യസേവന വിഭാഗത്തിലുൾപ്പെടുന്ന കെ.എസ്.ഇ.ബിയിൽ ഇത് അനുവദിക്കാനാവില്ല. മാത്രമല്ല സമരം ചെയ്യുന്നത് ഇടതുയൂണിയനുകളായതിനാൽ കടുത്ത നടപടിയെടുക്കാനുമാവില്ല.
മുൻമന്ത്രി എം.എം. മണിക്കെതിരെ കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് സാമൂഹ്യമാധ്യമത്തിൽ കുറിപ്പിടുകയും അതിനെതിരെ മന്ത്രി മണി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതോടെ അശോകിനോട് മന്ത്രി കൃഷ്ണൻകുട്ടി വിശദീകരണം തേടി. കുറിപ്പിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പവർ സെക്രട്ടറി ആർ.കെ. സിംഗിന് മന്ത്രി നിർദ്ദേശം നൽകി. മുൻമന്ത്രി മണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മൂന്നാറിൽ ഹൈഡൽടൂറിസം പദ്ധതിക്ക് സ്ഥലം നൽകിയതിൽ ഉദ്യോഗസ്ഥതലത്തിൽ ക്രമക്കേട് നടന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് അശോക് മന്ത്രിക്ക് നൽകിയ മറുപടി. സർക്കാരിനോ, ഇടതുമുന്നണിക്കോ വിരുദ്ധമായി കെ.എസ്.ഇ.ബി ചെയർമാൻ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
 വൈദ്യുതിഭവൻ കാശ്മീരിൽ അല്ലെന്ന്എളമരം കരീം
സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടാനും എസ്.ഐ.എസ്.എഫ് പോലുള്ള ഏജൻസികളെ സുരക്ഷയേൽപ്പിക്കാനുമുള്ള സാഹചര്യമോ സുരക്ഷാഭീഷണിയോ തീവ്രവാദ ആക്രമണസാഹചര്യമുണ്ടെന്ന റിപ്പോർട്ടോ വന്നതായി കേട്ടിട്ടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇത്ര വലിയ സുരക്ഷയൊരുക്കാൻ വൈദ്യുതി ഭവൻ കാശ്മീരിലല്ല സമാധാനാന്തരീക്ഷമുള്ള കേരളത്തിലാണെന്ന് എല്ലാവരും ഒാർക്കണം.
വൈദ്യുതിഭവനിലെ എസ്.ഐ.എസ്.എഫ് സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുയൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാലസമരത്തിന്റെ രണ്ടാംദിവസത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.എസ്.ഇ.ബി ആസ്ഥാനത്തെ സുരക്ഷാക്രമീകരണത്തിൽ ചർച്ച നടത്തില്ലെന്ന് വാശിപിടിക്കുന്നത് ഉചിതമല്ല. വൈദ്യുതിഭവന്റെ സുരക്ഷ ആരുടെയും വ്യക്തിപരമായ പ്രശ്നമല്ല. തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന ആശങ്ക കേൾക്കേണ്ട ബാദ്ധ്യത മാനേജ്മെന്റിനുണ്ടെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.
രണ്ടാംദിവസത്തെ സമരപരിപാടികൾ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.