
തിരുവനന്തപുരം: തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ വൈദ്യുതി മന്ത്രി എം.എം.മണിയെയോ, സർക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണെന്ന് കെ.എസ്.ഇ.ബി.ചെയർമാൻ ഡോ.ബി. അശോക് വ്യക്തമാക്കി.. പറഞ്ഞിട്ടില്ലാത്തത് പറഞ്ഞതായി പ്രചരിപ്പിക്കുന്നത് ശരിയല്ല. അന്ന് ഊർജ്ജ സെക്രട്ടറിയായിരുന്ന താനും സർക്കാരിന്റെ ഭാഗവും കാര്യങ്ങൾ അറിയുന്ന വ്യക്തിയുമാണെന്ന് സവിനയം ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ചെയർമാന്റെ പരാമർശങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മുൻമന്ത്രി എം.എം.മണി പ്രതികരിച്ചത്.മുഖ്യമന്ത്രിയോട് ആലോചിച്ച് കൂടുതൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ഇ.ബി.ചെയർമാനും, ഇടതു യൂണിയനുകളുടെ സമരസമിതിയും തമ്മിലുള്ള പോരാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ചെയർമാൻ ഡോ.ബി.അശോക് അധികാര ദുർവിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുർവ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകൾ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാന്റെ ഉത്തരവുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയർമാൻ തിരിച്ചടിച്ചു.
സർക്കാരിന്റ മുൻകൂർ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിന് സി.എ.ജി വിശദീകരണം തേടി. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. ചട്ടവിരുദ്ധമായ ഫയലിൽ ഒപ്പിടാൻ ചീഫ് എഞ്ചിനിയർക്കു മേൽ യൂണിയനുകൾ സമ്മർദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റർ ദുരുപയോഗം ചെയ്തു.തുടങ്ങിയ പോസ്റ്റിലെ പരാമർശങ്ങളും വിവാദമായി.
മന്ത്രി പറയിച്ചതാണോയെന്ന് പരിശോധിക്കണം: എം.എം. മണി
കെ.എസ്.ഇ.ബിയിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ബി. അശോക് പറഞ്ഞത് വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോ അതോ അദ്ദേഹം പറയിച്ചതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. നാലരവർഷമാണ് താൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നു.
തന്റെ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തത്. ആ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ചെയർമാൻ ശ്രമിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.