
ചിറയിൻകീഴ്: അഴൂർ കടവ് പാലത്തിൽ കോൺക്രീറ്റ് പാളികൾ ഇളകി മാറി കമ്പികൾ പുറത്ത് കാണാവുന്ന വിധത്തിൽ ഗർത്തം രൂപപ്പെട്ടത് ഇതു വഴിയുള്ള യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. ചിറയിൻകീഴ് താലൂക്കിൽ തീരദേശ മേഖലയേയും ദേശീയ പാതയേയും തമ്മിൽ ബന്ധിക്കുന്ന പ്രധാന പാതയാണിത്. വർഷങ്ങളായുള്ള തീരദേശ വാസികളുടെ കാത്തിരിപ്പിന് ഒടുവിലാണ് 2009ൽ പാലം യാഥാർത്ഥ്യമാകുന്നത്. ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ മേഖലയും അഴൂർ മേഖലയും പാലം വന്നതിലൂടെ ഒന്നിപ്പിക്കുവാൻ കഴിഞ്ഞു. മാത്രവുമല്ല ഇരുമേഖലകളിലും എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന അവസ്ഥയിലും മാറ്റമുണ്ടായി. എന്നാൽ അടിക്കടി പാലത്തിൽ ഗർത്തങ്ങൾ രൂപപ്പെടുന്നത് യാത്രക്കാരെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്. ഇതിനുമുമ്പും പാലത്തിൽ സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിരവധി യാത്രക്കാർക്ക് അത്തരം കുഴികൾ പൊല്ലാപ്പും സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരം അഭ്യർത്ഥനകൾക്കും പരാതികൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് അവയിൽ പലതിനും പരിഹാരമായത്. ഇപ്പോഴത്തെ ഈ അവസ്ഥയും കാലതാമസം ഉണ്ടാകാതെ അടിയന്തര പ്രാധാന്യം നൽകി ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുണ്ടുംകുഴിയും മാത്രം
ചിറയിൻകീഴ് മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലെ തിരക്ക് ഒഴിവാക്കി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്താനുള്ള തിരക്ക് കുറഞ്ഞ വഴി കൂടിയാണിത്. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിൽ ഗണപതിയാം കോവിലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെരുമാതുറ എത്തുന്നതിനിടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഗണപതിയാം കോവിൽ - പെരുമാതുറ റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡിൽ പലയിടത്തും ടാർ ഇളകി മാറി കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല.
യാത്ര ദുഷ്കരം
അഴൂർ റെയിൽവേ ഗേറ്റ് എളുപ്പം കടക്കാൻ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രക്കാർക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഒപ്പം പാലത്തിനെയും അപ്രോച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. അഴൂർ പാലം മുതൽ പെരുമാതുറ വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതും ഇതുവഴിയുള്ള യാത്ര ദുസ്സഹമാക്കുന്നു.