തിരുവനന്തപുരം: കൊവിഡിൻെറ മൂന്നുതരംഗത്തിലും വൈറസിന്റെ പിടിയിലായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രോഗത്തെ അതിതീവിച്ച് വീണ്ടും തിരക്കുകളിൽ സജീവമായി. ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തി ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തത്. കൊവിഡ് പോസിറ്റീവായ മൂന്നു തവണയും ആശുപത്രിയിൽ അഡ്മിറ്റായി. തിരഞ്ഞെടുപ്പിന് മുമ്പാണ് ആദ്യം കൊവിഡ് ബാധിച്ചത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടണ്ണൽ സമയമായപ്പോൾ വീണ്ടും വൈറസ് ബാധിതനായി. ഈമാസം ഏഴിനാണ് ഇക്കുറി രോഗബാധിതനായത്. ആദ്യവും മൂന്നാം തവണയും നേരിയ രീതിയിലായിരുന്നു രോഗബാധ. ആദ്യരണ്ടുവട്ടം പ്രകടമായ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും മൂന്നാംവട്ടം യാതൊന്നും ഉണ്ടായില്ല. മൂന്നുദിവസത്തിലേറെയായി വൈകിട്ട് നാലുമണിയാകുമ്പോഴേക്കുമുള്ള അസഹ്യമായ ക്ഷീണമായിരുന്നു പരിശോധനയ്ക്ക് വിധേയനാകാൻ കാരണം. മൂന്നാംവട്ടവും പോസിറ്റിവാണെന്ന് അറിഞ്ഞതോടെ ആശുപത്രിയിലെത്തി രക്തപരിശോധനയുൾപ്പെടെ നടത്തി. ആദ്യദിവസം കഴിഞ്ഞതോടെ ക്ഷീണം മാറി. തുടർന്നുള്ള ദിവസങ്ങളിൽ സാധാരണ നിലയിലായിരുന്നു. അസഹ്യമായ ക്ഷീണത്തെ അവഗണിച്ചിരുന്നെങ്കിൽ മൂന്നാംവട്ടം കൊവിഡ് കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്നും പ്രകടമായ ലക്ഷണങ്ങളില്ലാത്തിനാൽ ഒമിക്രോൺ പലരിലും വന്നുപോകുന്നത് അറിയുന്നില്ലെന്നും അനുഭവത്തിൽ നിന്നും സതീശൻ പറഞ്ഞു. ആദ്യം കൊവിഡ് വന്നപ്പോൾ പനിയും മറ്റ് ചെറിയ അസ്വസ്ഥകളുമുണ്ടായിരുന്നു എന്നാൽ രണ്ടാംവട്ടം രോഗബാധ രൂക്ഷമായി. ന്യുമോണിയയുടെ പ്രാരംഭഘട്ടത്തിലെത്തി. ആറു കിലോ ഭാരവും കുറഞ്ഞു. ഇത്തരമൊരു അവസ്ഥയ്ക്ക് ശേഷം വീണ്ടും രോഗബാധയുണ്ടായതാണ് മൂന്നാംവട്ടം ആശങ്കയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.