തിരുവനന്തപുരം: പവർ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം മോഷ്‌ടിച്ച രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുൽ ആർ.ജെ(22), അമിത് (23) എന്നിവരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുവരും ചേർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 4000 രൂപയുടെ മദ്യം മോഷ്‌ടിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുദിവസമായി ഇവർ മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്. സംശയം തോന്നിയ ജീവനക്കാർ ഇന്നലെ ഇവർ വന്നപ്പോൾ നിരീക്ഷിച്ചു.

നിരീക്ഷണകാമറ പരിശോധിച്ചശേഷം മോഷ്‌ടാക്കൾ ഇവർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവാക്കളെ തടഞ്ഞുനിറുത്തിയപ്പോൾ തങ്ങളെ ഇവർ ആക്രമിച്ചെന്നും കട്ട കൊണ്ട് തലയ്‌ക്കടിച്ചെന്നും ജീവനക്കാർ പൊലീസിൽ പരാതി നൽകി. യുവാക്കളിൽ നിന്ന് രണ്ടുലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.