
വിതുര: കൊപ്പം മാലു ഫാൻസി ഉടമയും, വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ കൊപ്പം ആമിനാ മൻസിലിൽ ഇ. ഷാജഹാൻ (55) ബൈക്കപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 9 ഓടെ വിതുര കലുങ്ക് ജംഗ്ഷന് സമീപം പാലോട് റോഡിൽ കല്ലുവെട്ടാൻകുഴിയിലാണ് അപകടം നടന്നത്. വിതുര കലുങ്ക് ജംഗ്ഷനിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊപ്പത്തുള്ള വീട്ടിലേക്ക് മടങ്ങവേ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷാജഹാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് 4.30ഓടെ തൊളിക്കോട് ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: ഷീബ. മക്കൾ: അമീന ഫർസാന, അസ്ന ഫർസാന, അഭിൻ മുഹമ്മദ്. കൂട്ടിയിടിച്ച ബൈക്കിൽ സഞ്ചരിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിതുര പൊലീസ് കേസെടുത്തു. ഷാജഹാന്റെ അകാലനിര്യാണത്തിൽ അടൂർ പ്രകാശ് എം.പി, ജി. സ്റ്റീഫൻ എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ,കെ.എസ്. ശബരീനാഥൻ, വി.കെ. മധു എന്നിവർ അനുശോചനമറിയിച്ചു.