shajahan

വിതുര: അടുത്തടുത്ത ദിവസങ്ങളിൽ നടന്ന രണ്ട് അകാലമരണങ്ങൾ വിതുര ഗ്രാമത്തെ ദുഃഖസാന്ദ്രമാക്കി. കൊപ്പം സ്വദേശികളും കൊപ്പത്ത് തന്നെ വ്യാപാരം നടത്തുന്ന നാടിന് പ്രിയങ്കരരായ രണ്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്.

കൊപ്പം പൂരം മെഡിക്കൽസ് ഉടമയും യുവ വ്യവസായിയുമായ കൊപ്പം സൗപർണികയിൽ പി.എസ്. രാജേഷ് (43) അസുഖത്തെ തുടർന്ന് തിങ്കളാഴ്ച അർ‌ദ്ധരാത്രിയാണ് മരിച്ചത്. മെഡിക്കൽസിന് പുറമേ മറ്റ് നിരവധി ബിസിനസ് സ്ഥാപനങ്ങളും രാജേഷ് നടത്തുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയും കൊപ്പം മാലു ഫാൻസി ഉടമയുമായ ഇ. ഷാജഹാൻ (56) ചൊവ്വാഴ്ച രാത്രിയിൽ കൊപ്പത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ നടന്ന ബൈക്കപകടത്തെ തുടർന്ന് മരിച്ചു.

സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് ഷാജഹാൻ. വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റിന്റെ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവന നൽകിയ വ്യക്തിത്വം കൂടിയാണ് ഷാജഹാൻ.

രാജേഷിന്റേയും, ഷാജഹാന്റേയും മരണത്തിൽ മന്ത്രി ജി.ആർ. അനിൽ, അടൂർപ്രകാശ് എം.പി. ജി. സ്റ്റീഫൻ എം.എൽ.എ, ഡി.കെ.മുരളി എം.എൽ.എ, കെ.എസ്. ശബരിനാഥൻ, വി.കെ.മധു, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, പി.അയ്യപ്പൻപിള്ള, ഷാജി മാറ്റാപ്പള്ളി, ചായംസുധാകരൻ,ഡി.അജയകുമാർ എന്നിവർ അനുശോചിച്ചു.

ഷാജഹാന്റെയും,രാജേഷിന്റെയും അകാലമരണത്തിൽ അനുശോചനം രേഖപ്പെടുത്തി വിതുര കലുങ്ക് ജംഗ്ഷനിൽ സർവകക്ഷിയോഗം ചേർന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള, സെക്രട്ടറി എ.ആർ. സജീദ്, ട്രഷറർ എം.എസ്. രാജേന്ദ്രൻ, സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്, ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡന്റ് ചെറ്റച്ചൽ അശോകൻ, മാൻകുന്നിൽ പ്രകാശ്, എൽ.കെ. ലാൽ റോഷിൻ എന്നിവർ അനുശോചിച്ചു.