
റഷ്യ എന്തിന് പടയൊരുക്കം നടത്തി
യുക്രെയിനെ ആക്രമിക്കുകയായിരുന്നില്ല റഷ്യയുടെ ലക്ഷ്യം. യുക്രെയിനെ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ നിന്നും നാറ്റോയിൽ നിന്നും റഷ്യയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അതിന്റെ ഭാഗമായിരുന്ന റിപ്പബ്ളിക്കുകൾ സ്വതന്ത്രമായെങ്കിലും അവർ റഷ്യയുടെ സ്വാധീന വലയത്തിൽതന്നെ തുടരുമെന്ന ഒരു ധാരണ പാശ്ചാത്യരാജ്യങ്ങളുമായി ഉണ്ടായിരുന്നു. ആ ധാരണയിൽ മാറ്റം ഉണ്ടാകാതിരിക്കാൻ.
എന്തുകൊണ്ട് റഷ്യ അയയുന്നു
യുക്രെയിനിൽ യുദ്ധ ഭീഷണി അവസാനിച്ചത് അപ്രതീക്ഷിതമായിട്ടല്ല. റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്കുള്ള വഴി തുറക്കുന്ന തരത്തിൽ ജർമ്മനിയും ഫ്രാൻസും ഇടപെട്ടു. ആ ചർച്ചകളിലേക്ക് നീങ്ങിയപ്പോഴാണ് റഷ്യ യുക്രെയിൻ അതിർത്തികളിൽ നിന്ന് ഭാഗികമായെങ്കിലും സൈന്യത്തെ പിൻവലിച്ചത്.
യുദ്ധം തുടങ്ങുമെന്ന വാർത്ത പ്രചരിപ്പിച്ചത് അമേരിക്കയാണ്. റഷ്യയ്ക്ക് എതിരായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ താത്പര്യം കൊണ്ടായിരുന്നു ഈ പ്രചാരണം.
ഉപരോധം ഉണ്ടായാൽ യൂറോപ്പിലേക്ക് റഷ്യയിൽ നിന്നുപോകുന്ന എണ്ണ, വാതകം മുതലായവ നിൽക്കുകയും തങ്ങളുടെ എണ്ണയ്ക്ക് അവിടെ ആവശ്യം വരികയും ചെയ്യുമെന്ന് അമേരിക്ക കണക്കുകൂട്ടി.
ഉപരോധം യൂറോപ്യൻ രാജ്യങ്ങൾക്കായിരിക്കും നഷ്ടമുണ്ടാക്കുക എന്നുള്ളതു കൊണ്ടാണ് ഫ്രാൻസും ജർമ്മനിയും സമാധാന നീക്കങ്ങൾ തുടങ്ങിയത്.
യുദ്ധം നടക്കുമെന്നാണ് ഇപ്പോഴും അമേരിക്ക പറയുന്നത്. യുക്രെയിൻ നാറ്റോയിൽ ചേരാനുള്ള നീക്കം നടത്തിയാൽ മാത്രമേ റഷ്യ ഒരു സംഘർഷത്തിന് മുതിരുകയുള്ളൂ. അതിനുള്ള നടപടികൾ മാറ്റിവയ്ക്കുന്നതോടെ യുദ്ധസാദ്ധ്യതയും നീങ്ങും.
റഷ്യയ്ക്കുണ്ടായ നേട്ടങ്ങൾ
സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രരായ റിപ്പബ്ളിക്കുകൾ റഷ്യയുടെ സ്വാധീന വലയത്തിൽ തന്നെ തുടരുമെന്നുള്ള ചർച്ചകൾക്ക് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കുന്നു.
യൂറോപ്പിനെയും അമേരിക്കയേയും എതിർക്കാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ റഷ്യ യുക്രെയിനിൽ എത്തിയത്. ഈ സംഭവങ്ങൾ റഷ്യയെയും ചൈനയെയും കൂടുതൽ അടുപ്പിച്ചു
പ്രസിഡന്റ് പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി ബീജിംഗിൽ നടന്ന കൂടിക്കാഴ്ച ചരിത്രപ്രധാനമാണ്. ആദ്യമായാണ് ചൈന, റഷ്യ സഖ്യം ഉണ്ടാകുന്നത്. അതിന് പഴയ സൈനിക സഖ്യമായ നാറ്റോയെക്കാളും ശക്തിയുണ്ടെന്നാണ് രണ്ടു രാജ്യങ്ങളും അവകാശപ്പെടുന്നത്.
യുക്രെയിന്റെ കാര്യത്തിൽ ചൈന റഷ്യയെയും തായ്‌വാന്റെ കാര്യത്തിൽ റഷ്യ ചൈനയെയും സഹായിക്കുമെന്നുള്ള ധാരണ അമേരിക്കയ്ക്ക് ഒരു വെല്ലുവിളിയായി തീർന്നിരിക്കുന്നു. അവർ തമ്മിലുള്ള സഹകരണത്തിന് ഒരു അതിരുമില്ല എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
റഷ്യ- ചൈന പുതിയ സൗഹൃദം ഇന്ത്യ- റഷ്യ ബന്ധങ്ങളെ ബാധിക്കാനും ഇന്ത്യ അമേരിക്കയിലേക്ക് കൂടുതൽ അടുക്കാനും അവസരം സൃഷ്ടിക്കുന്നു.
(ലേഖകൻ സോവിയറ്റ് യൂണിയൻ ഉൾപ്പെടെ പല രാജ്യങ്ങളിലും നയതന്ത്ര പ്രതിനിധിയായിരുന്നു)