wedding

വിവാഹം മംഗളകരമായ ചടങ്ങാണ്. രണ്ട് വ്യക്തിത്വങ്ങൾ ഒന്നുചേർന്ന് പുതിയ ജീവിതം തുടങ്ങുന്നതിന്റെ പവിത്രമായ ആരംഭം കുറിക്കുന്ന ദിനം. വിവാഹച്ചടങ്ങ് അവരവരുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് സമാധാനപൂർണമായ സാഹചര്യത്തിൽ സന്തോഷത്തോടെ നടത്തപ്പെടേണ്ടതാണ്. നിർഭാഗ്യവശാൽ ഒന്ന് രണ്ട് ദശാബ്ദമായി വിവാഹങ്ങൾ അനാവശ്യമായ പല ആർഭാട പ്രവണതകൾക്കും സംസ്‌കാരരഹിതമായ പെരുമാറ്റങ്ങൾക്കും ഉള്ള വേദിയായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.

ധൂർത്തിന്റെയും അമിത ആഡംബരത്തിന്റെയും പ്രദർശന വേദിയാക്കി വിവാഹത്തെ മാറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ തുടരുന്നു. കേരളത്തിന്റെ നവോത്ഥാന നായകരെല്ലാം സമൂഹത്തിൽ വിവിധ ആചാരങ്ങളുടെ പേരിൽ നിലനിന്നിരുന്ന ദുർവ്യയങ്ങളെ എതിർത്തിട്ടുള്ളവരാണ്. വിവാഹ നടത്തിപ്പുകാരായ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ എന്നന്നേക്കുമായി തകർക്കുകയാണ് പല വിവാഹങ്ങളും. സ്‌ത്രീധനം എന്ന വിലപേശലിനും വിവാഹധൂർത്ത് ഒരു പരിധിവരെ പ്രേരണയായിട്ടുണ്ട്. കൊവിഡിന്റെ കടന്നുവരവോടെ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെട്ടതിനാൽ ആഡംബര പ്രദർശനത്തിന്റെ തോത് അല്‌പം കുറഞ്ഞിട്ടുണ്ട്. ഇത് തുടർന്നും നിലനിറുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്. കല്യാണത്തോടനുബന്ധിച്ച് വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ കാട്ടിക്കൂട്ടുന്ന സംസ്‌‌കാരശൂന്യമായ ആഘോഷങ്ങൾക്കാണ് ഇനി കർശന നിയന്ത്രണം വേണ്ടത്. ചെറുപ്പക്കാരുടെ കുസൃതിത്തരങ്ങളായി മാത്രമേ ഇത്തരം പ്രവണതകളെ മുതിർന്നവർ പരിഗണിക്കാറുള്ളൂ. മുതിർന്നവരുടെ ഈ മനോഭാവവും ദോഷകരമാണ്.

അടുത്തകാലത്തായി ലഹരിയുടെ പിൻബലത്തിൽ എന്തു കോപ്രായവും കാട്ടിക്കൂട്ടാനുള്ള അവസരമായി വിവാഹ ചടങ്ങുകളെ മാറ്റുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ തോട്ടടയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവം. വിവാഹചടങ്ങുകളെ ഇങ്ങനെയുള്ള ആഭാസങ്ങളിൽ നിന്ന് മുക്തമാക്കാൻ മുതിർന്നവരുടെയും സർക്കാരിന്റെയും അടിയന്തര ഇടപെടൽ ആവശ്യമാണ്. കണ്ണൂരിൽ വിവാഹത്തിന്റെ തലേന്ന് ആഘോഷം പൊടിപൊടിക്കാൻ നാലായിരം രൂപയുടെ പടക്കം വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പേർ പൊലീസ് പിടിയിലായിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരേ രാഷ്ട്രീയകക്ഷിയിൽ പെട്ടവരായതിനാൽ അന്വേഷണത്തിൽ ജാഗ്രതക്കുറവുണ്ടാകുന്നു എന്ന വിമർശനവും നിലനിൽക്കുന്നു. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളാകുന്നവർക്കെതിരെ അതിശക്തമായ നടപടികൾ ഉണ്ടാകണം. സംസ്ഥാനത്തിന് മൊത്തത്തിൽ അഭിമാനക്ഷതം വരുത്തിവയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ - സാമൂഹ്യ- സാംസ്കാരിക ഇടപെടലും അനിവാര്യമാണ്.