
ആരംഭകാലത്ത് പരക്കെ വിമർശനങ്ങളുയർന്നെങ്കിലും 'കിഫ്‌ബി" സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ എത്രമാത്രം പ്രയോജനകരമായി മാറുന്നുണ്ടെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ 962 പദ്ധതികളാണ് 'കിഫ്‌ബി" ഏറ്റെടുത്തത്. അവയിൽ നിരവധി എണ്ണം പൂർത്തിയായി. പലതും നിർമ്മാണദശയുടെ ഘട്ടങ്ങളിലാണ്. എഴുപതിനായിരത്തിൽപ്പരം കോടി രൂപയാണ് ഈ പദ്ധതികളുടെ നടത്തിപ്പിനായി 'കിഫ്‌ബി"ക്കു നൽകേണ്ടത്. പതിനേഴായിരത്തിലധികം കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്.
6943 കോടി രൂപ മൊത്തം ചെലവു വരുന്ന 44 പുതിയ പദ്ധതികൾ കൂടി ഏറ്റെടുക്കാൻ 'കിഫ്‌ബി" ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരിക്കുകയാണ്. മൂന്നുവർഷത്തിനകം പൂർത്തിയാക്കാനാവുമെന്നു കരുതുന്ന പദ്ധതികളാണ് ഇവ. പുതുതായി ഏറ്റെടുക്കുന്ന 44 പദ്ധതികളിൽ ഇരുപത്തെട്ടും മരാമത്തു വകുപ്പിനു കീഴിൽ വരുന്നവയാണ്. 6943 കോടി രൂപയിൽ 4397 കോടി രൂപയും മരാമത്തു പണികൾക്കുവേണ്ടിയുള്ളതാണ്. 392 കോടി രൂപ ചെലവു വരുന്ന ആരോഗ്യവകുപ്പിന്റെ ഏഴ് പദ്ധതികളും 273 കോടി രൂപയുടെ ജലവിഭവ പദ്ധതിയും പുതുതായി 'കിഫ്‌ബി" ഏറ്റെടുത്തവയിലുണ്ട്. അയ്യമ്പുഴയിൽ വ്യവസായ ഇടനാഴിയ്‌ക്കായി 850 കോടി രൂപയും ആയുഷ് വകുപ്പിനു വേണ്ടിയുള്ള സ്ഥലമെടുപ്പിനായി 114 കോടിയും ചെലവിടും.
ഏറ്റെടുക്കുന്ന പുതിയ പദ്ധതികൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നത് കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തുരങ്കപ്പാത നിർമ്മാണമാണ്. ഇരു ജില്ലകളിലുള്ളവർക്കു മാത്രമല്ല സംസ്ഥാനത്തിനു ഒന്നാകെ താത്‌പര്യമുള്ള ഒരു പദ്ധതിയാകും ഇത്. എത്രയോ കാലമായി ജനമനസുകളിലുള്ള സ്വപ്നപദ്ധതിയാണിത്. നിലവിലുള്ള ചുരം പാതയിൽ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസങ്ങൾ, പ്രത്യേകിച്ചും മഴക്കാലത്ത്, അതുവഴിയുള്ള യാത്ര വളരെയധികം ക്ളേശകരമാക്കാറുണ്ട്. ചുരം പാത താണ്ടാൻ ഏറെ സമയവും വേണ്ടിവരും. ഇതിനു ബദലായി ഒരു തുരങ്കപ്പാത നിർമ്മിച്ചാൽ കോഴിക്കോട്ടു നിന്നു വയനാട്ടിൽ എത്താൻ എളുപ്പമാകും. മാത്രമല്ല വയനാടു വഴി ഉൗട്ടിയിലേക്കും ബംഗളൂരുവിലേക്കുമുള്ള യാത്രയും സുഗമമാകും. ഏകദേശം എട്ടുകിലോമീറ്റർ ദൈർഘ്യം വരുന്ന ഇരട്ട തുരങ്കം പാതയ്ക്കായി 2134 കോടി രൂപ ചെലവു വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്. മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തുരങ്കപ്പാതയുമായി ബന്ധപ്പെട്ട് പതിവുപോലെ ധാരാളം ആശങ്കകളും പ്രതിഷേധവുമൊക്കെ ഉയർന്നേക്കാമെങ്കിലും അതെല്ലാം മറികടന്ന് മുന്നോട്ടുപോകാൻ കഴിയണം. തുരങ്കപ്പാത നിർമ്മാണത്തിൽ അതിവൈദഗ്ദ്ധ്യം നേടിയവർ രാജ്യത്ത് ധാരാളമുണ്ട്. പുതിയ സാങ്കേതിക വിദ്യകളും ലഭ്യമാണ്. കൊങ്കൺ റെയിൽവേ പാത യാഥാർത്ഥ്യമാക്കിയ കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് തുരങ്കപ്പാത നിർമ്മാണം ഏല്പിക്കുന്നതെന്നതിനാൽ സമയബന്ധിതമായി പണിതീർക്കാൻ കഴിയുമെന്നതിൽ ആശങ്ക വേണ്ട.
പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് പൊതുവേ കാണുന്ന മന്ദഗതി കിഫ്‌ബി അംഗീകാരം നൽകുന്ന പദ്ധതികളുടെ കാര്യത്തിലും കാണാനുണ്ട്. ഇത് മാറ്റാൻ കഴിയണം. ഓരോ പദ്ധതിയുടെയും പണി ആരംഭിക്കുമ്പോൾ പൂർത്തിയാക്കാനെടുക്കുന്ന തീയതി കൂടി രേഖപ്പെടുത്തി പദ്ധതി പ്രദേശത്ത് ബോർഡ് സ്ഥാപിക്കണം. ഇത്തരം ബോർഡുകൾ പദ്ധതി നടത്തിപ്പുകാർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.
പുതുതായി മരാമത്തു വകുപ്പിന്റെ 28 പദ്ധതികൾക്കാണ് 'കിഫ്‌ബി" അംഗീകാരം നൽകിയിരിക്കുന്നത്. മരാമത്തു പണികളിൽ നേരിടുന്ന കാലതാമസം എപ്പോഴും വിമർശന വിധേയമാകാറുണ്ട്. ഈ ദുഷ്‌പേര് മാറ്റിയെടുക്കാൻ ഒട്ടേറെ നടപടികൾ സമീപകാലത്തു സ്വീകരിച്ചിട്ടുണ്ട്. മരാമത്തു ജോലികൾ എങ്ങനെയെങ്കിലും കാട്ടിക്കൂട്ടി കരാറുകാർ സ്ഥലം വിടുന്ന സമ്പ്രദായത്തിന് അറുതിയായി വരികയാണ്.
വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന ഒട്ടേറെ മേൽപ്പാലങ്ങളും റോഡുകളും പാലങ്ങളുമുണ്ട്. ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലുള്ളവ എങ്കിലും നിർമ്മിക്കണം. 'കിഫ്‌ബി" വഴി ഇതിനകം 210 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കാൻ സാധിച്ചത് നേട്ടമാണ്. 44706 സ്കൂൾ ക്ളാസുകളാണ് ഹൈടെക് നിലവാരത്തിലാക്കിയത്. കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തി പുതുതായി 443 ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. ആശുപത്രികൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ നവീകരണ പദ്ധതികളിലും 'കിഫ്‌ബി"യുടെ പങ്കാളിത്തമുണ്ട്. വിമർശകരുടെ നാവടപ്പിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി നിർവഹണം ദ്രുതഗതിയിലാക്കാൻ കൂടി ശ്രദ്ധിക്കണം.