
തിരുവനന്തപുരം: ''അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ" മന്ത്രങ്ങൾ കൊണ്ട് മുഖരിതമാവുന്ന അന്തരീക്ഷത്തിൽ ഭക്തർ സർവാഭീഷ്ട വരദായിനിയായ ആറ്റുകാലമ്മയ്‌ക്ക് ഇന്ന് വീടുകളിൽ പൊങ്കാല അർപ്പിക്കും. കൊവിഡിനെ തുടർന്ന് കഴിഞ്ഞ തവണയും വീടുകളിലായിരുന്നു പൊങ്കാല. കുംഭത്തിലെ പൂരവും പൗർണമിയും ഒരുമിച്ചുവരുന്ന ഇന്ന് രാവിലെ 10.50നാണ് പണ്ടാര അടുപ്പിൽ തീ പകരുക. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് നൽകും. വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും.ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളവും വെടിക്കെട്ടും അകമ്പടിയേകും. വീടുകളിൽ ഒരുക്കിയിരിക്കുന്ന അടുപ്പിൽ ഭക്തർ തീ പകരുന്നതോടെ പൊങ്കാലയ്‌ക്ക് ഭക്തിനിർഭരമായ തുടക്കമാകും.
ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിൽ പൊങ്കാല ഇടുന്നവരെ ലക്ഷ്യമിട്ട് വിറകും കൊതുമ്പും ചൂട്ടുകറ്റയും മൺകലങ്ങളും വിൽപ്പനയ്‌ക്കെത്തിയിരുന്നു.ഇന്നലെ രാവിലെയും വൈകിട്ടുമൊക്കെ പൊങ്കാലക്കലങ്ങൾ വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രപരിസരത്തെ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിയത്.റോഡുവക്കിൽ പൊങ്കാല ഇടുന്നതിന് അനുമതിയില്ലെങ്കിലും ഉച്ചഭാഷിണികളിലൂടെ ദേവീസ്തുതികൾ കൊണ്ട് മുഖരിതമാണ് നഗരം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രധാന ജംഗ്ഷനുകൾ എല്ലാം ദീപാലംകൃതമാക്കിയിട്ടുണ്ട്.തമ്പാനൂർ അടക്കമുള്ള നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാൽ ദേവിയുടെ ചിത്രങ്ങൾ വച്ച് പൂജയും നടത്തുന്നുണ്ട്.
പൊങ്കാലയർപ്പണത്തിന് നിയന്ത്രണമുണ്ടെങ്കിലും ഭക്തർക്ക് ദേവീദർശനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ക്ഷേത്ര വാതിലിൽ നഴ്‌സുമാരുടെ നേതൃത്വത്തിൽ ഭക്തരുടെ ശരീരോഷ്‌മാവ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്കും സൗകര്യമുണ്ട്.സുരക്ഷയ്‌ക്കും മറ്റുമായി 1300 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് നഗരസഭ, വാട്ടർ അതോറിറ്റി, പൊലീസ്,ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനവുമുണ്ട്.
മുൻകാലങ്ങളിൽ പൊങ്കാലത്തലേന്ന് കലങ്ങൾ കൊണ്ടുനിറഞ്ഞ ആറ്റുകാൽ ക്ഷേത്രവും പരിസരവും ഒരിക്കൽക്കൂടി അന്യമായ കാഴ്ചയായി മാറുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് എത്തി അടുപ്പു കൂട്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഭക്തർ,അവർക്ക് വേണ്ടതെല്ലാം ഒരുക്കാനായി ഓടിനടക്കുന്ന സന്നദ്ധ സേവകർ,പൊങ്കാല നിവേദ്യത്തിന് ശേഷം ആത്മസംതൃപ്തിയുമായി വീടുകളിലേക്ക് മടങ്ങാനായി ബസ് സ്‌റ്റാൻഡിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും പായുന്നവർ... ഈ കാഴ്ചകളൊന്നും ഇത്തവണയും ഇല്ല.രണ്ടാം തവണയും ക്ഷേത്രത്തിൽ പൊങ്കാല ഇടാനാവാത്തതിലുള്ള നിരാശയും ഭക്തർ പങ്കുവച്ചു.