ss

വെള്ളറട: ഗ്രാമങ്ങളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി മാർക്കറ്റുകളിൽ വിറ്റഴിക്കുന്നതായി പരാതി. കേരളത്തിലെ കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതോടെയാണ് വ്യാപകമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തുന്നത്. പുലർച്ചെ യാതൊരുവിധ ശീതീകരണ സംവിധാനങ്ങളുമില്ലാതെയാണ് ഇവ വാഹനങ്ങളിൽ എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന മത്സ്യമാണ് അതിർത്തിയിലെ പ്രധാന മാർക്കറ്റായ പനച്ചമൂട്ടിൽ ചെറുകിട കച്ചവടക്കാർക്കും കമ്മിഷൻ ഏജന്റുമാർക്കും ലേലം ചെയ്ത് നൽകുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇവ ലേലം ചെയ്യുന്നത്.

കേടായതും ദുർഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങൾ വരെ ഇവിടെ ലേലത്തിന് എത്താറുണ്ടെന്നാണ് ആക്ഷേപം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു വണ്ടി നിറയെ ചീഞ്ഞ ചൂര മത്സ്യവുമായി കച്ചവടക്കാർ പനച്ചമൂട്ടിലെത്തിയിരുന്നു. എന്നാൽ ചില കച്ചവടക്കാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇവർ കടന്നുകളയുകയായിരുന്നു. ഗോവ, കർണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വ്യാപകമായി ഇത്തരത്തിലുള്ള മത്സ്യം കച്ചവടത്തിനായി പനച്ചമൂട്ടിൽ എത്തുന്നത്. മലയോരഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള മത്സ്യം കഴിച്ചതുമൂലം ചിലർ ആശുപത്രിയിലായതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലായിരുന്നു.