caravan

 മന്ത്രിയുമായി ഇൻസ്‌റ്റഗ്രാമിൽ സംവദിച്ച് ജർമ്മൻ കുടുംബം

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി കാരവനിൽ ലോകം ചുറ്റുകയാണ് ട്രാവൽ വ്ളോഗറായ തോർബെനും എഴുത്തുകാരി മിച്ചിയും. ഇതുവരെ 90 രാജ്യങ്ങൾ കണ്ടു. പക്ഷേ,​ കേരളം സ്‌പെഷ്യലാണെന്ന് പറയുമ്പോൾ ഇരുവർക്കും ഒരേസ്വരം.

''ഇറ്റ്സ് എ വെരി സ്‌പെഷ്യൽ പ്ലേസ്"" - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായുള്ള ഇൻസ്‌റ്റഗ്രാം സംഭാഷണത്തിൽ ഇരുവരും പറഞ്ഞു. കേരളത്തിൽ അപരിചിതത്വം തോന്നാറില്ല. പ്രകൃതിസൗന്ദര്യം പോലെതന്നെ കേരളീയരും സ്‌നേഹസമ്പന്നരാണെന്നും ഇരുവരും പറഞ്ഞു.

@hippie.trail എന്ന ഇൻസ്റ്റഗ്രാം ഐ.ഡിയിൽ ട്രാവൽ വ്ളോഗ് ചെയ്യുന്ന തോർബെനും മിച്ചിയും ഇപ്പോൾ കേരളത്തിലുണ്ട്. ആറ് വയസുള്ള മകനും ഒമ്പത് വയസുള്ള മകളും ഒപ്പമുണ്ട്. സംസ്ഥാന സർക്കാർ കാരവൻ ടൂറിസം പ്രോത്സാഹിക്കുന്നതിനിടെയാണ് ഈ ജർമ്മൻ കുടുംബം കേരളത്തിലെത്തിയത്. ചെറുകുടുംബത്തിന് കഴിയാവുന്നവിധം രൂപകല്പന ചെയ്‌തതാണ് ഇവരുടെ കാരവൻ. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതും കാരവനിൽ.
കേരളാടൂറിസം പേജിൽവന്ന ചെറു വീഡിയോ റീലിൽ ഇവർ ഭാഗമായിരുന്നു. കാരവനിൽ 90ഓളം രാജ്യങ്ങളിൽ യാത്രചെയ്ത ഇവർ കാരവൻ ടൂറിസത്തിൽ മാതൃകയും പാഠവുമാണെന്ന് വ്യക്തമാക്കിയ മന്ത്രി ഇവരുമായി സംവദിക്കാൻ താത്പര്യപ്പെട്ടു. തുടർന്നായിരുന്നു ഇന്നലെ ഇൻസ്‌റ്റഗ്രാമിൽ കൂടിക്കാഴ്ച.

'നമസ്കാരം റിയാസ്" എന്നുപറഞ്ഞാണ് തോർബെൻ ലൈവ് ആരംഭിച്ചത്. 15 മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ ഇന്ത്യയിലെത്തിയത്; നവംബറിൽ കേരളത്തിലും. മൂന്നാർ, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വർക്കല വഴി തിരുവനന്തപുരത്തെത്തി. കാരവൻ ടൂറിസത്തിന് ഏറെ സാദ്ധ്യത കേരളത്തിലുണ്ടെന്നും ഒരിക്കൽ വന്നാൽ വീണ്ടും വരാൻ കൊതിപ്പിക്കുന്ന നാടാണിതെന്നും അവർ പറഞ്ഞു.