
തിരുവനന്തപുരം: തലസ്ഥാനത്തെ മേയർക്ക് ബാലുശേരിക്കാരൻ എം.എൽ.എ വരനാവുന്നു. തിരുവനന്തപുരം മേയർ ആര്യരാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം. സച്ചിൻദേവും തമ്മിലുള്ള വിവാഹത്തിന് ഇരു കുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം. നന്ദകുമാർ അറിയിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകൾ കഴിഞ്ഞാലുടൻ വിവാഹം ഉണ്ടാകും. കഴിഞ്ഞ ദിവസം സച്ചിൻദേവിന്റെ കുടുംബാംഗങ്ങൾ മേയർ ആര്യയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 22കാരി ആര്യ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് 28കാരൻ സച്ചിൻദേവ്.
ബാലസംഘം, എസ്.എഫ്.ഐ എന്നിവയിലെ പ്രവർത്തനങ്ങൾക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരും ഇക്കാര്യം സംസാരിച്ചശേഷമാണ് കുടംബത്തെ അറിയിച്ചത്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മത്സരിച്ചപ്പോൾ പ്രചാരണത്തിനായി മേയർ ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കുവേണ്ടി എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിൽ ആര്യ അന്ന് പ്രചാരണത്തിന് എത്തിയത് ശ്രദ്ധ നേടിയിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ഏറെക്കാലമായി അടുപ്പം: ആര്യ
ഏറെക്കാലമായി സുഹൃത്തുക്കളായതിനുശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയതെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. പരസ്പരം സംസാരിച്ചശേഷം ഇരുവരുടേയും കുടുംബക്കാരെയും പാർട്ടിയേയും അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെയും പാർട്ടിയുടെയും നിർദ്ദേശമനുസരിച്ച് ഉചിതമായ സമയത്ത് വിവാഹം നടത്തും.