mb-rajesh

തിരുവനന്തപുരം: ചില അടിയന്തരസാഹചര്യങ്ങളിൽ മുമ്പും ഓർഡിനൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ്.

നിയമസഭാ സമ്മേളനം ചേരാനിരിക്കെ തിടുക്കപ്പെട്ട് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഇറക്കിയതിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. അടിയന്തര സാഹചര്യം ഇപ്പോഴുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഗവർണർ ഒപ്പിട്ടു കഴിഞ്ഞ കാര്യത്തിൽ സ്പീക്കർ എന്ന നിലയിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ ഒമ്പത് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കാനുണ്ടെന്ന് സ്പീക്കർ പറഞ്ഞു. അതിലൊന്നായ പൊതുജനാരോഗ്യ ബിൽ നിയമസഭ ചർച്ച ചെയ്തശേഷം സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. വരുന്ന സമ്മേളനത്തിൽ മാർച്ച് 21നും 23നും സർക്കാർ കാര്യങ്ങൾക്കായി സമയം നീക്കിവച്ചിട്ടുണ്ട്. ഏതൊക്കെ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ കൊണ്ടുവരണമെന്നതിൽ 21ന് ചേരുന്ന കാര്യോപദേശകസമിതി യോഗം തീരുമാനമെടുക്കും.

കഴിഞ്ഞ സഭാസമ്മേളനം പൂർണ്ണമായും നിയമനിർമ്മാണങ്ങൾക്കായാണ് നീക്കി വച്ചത്. 21 ദിവസം സഭ സമ്മേളിച്ച് 34 ബില്ലുകൾ പാസാക്കി.

കൊവിഡ് ആയിരുന്നതിനാൽ കഴിഞ്ഞ വർഷം രാജ്യത്ത് പാർലമെന്റും നിയമസഭകളും സമ്മേളിച്ച ദിനങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടും കേരള നിയമസഭ 61 ദിവസം സമ്മേളിച്ചു. ലോക്‌സഭ ഇക്കാലയളവിൽ 60ൽ താഴെ ദിവസവും യു.പി നിയമസഭ 17 ദിവസവും പഞ്ചാബ് സഭ 11 ദിവസവുമാണ് സമ്മേളിച്ചത്.

നിയമസഭാസമിതികളുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ഓൺലൈൻ യോഗങ്ങൾ നടത്താൻ ഇന്ത്യയിലാദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ഇത് സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി.

ഇത്തവണ സഭാസമ്മേളന കാലത്ത് സന്ദർശകർക്ക് കൊവിഡ് നിയന്ത്രണപ്രകാരം പ്രവേശനമുണ്ടാകും. നിയമസഭാ നടപടികൾ വെബ്കാസ്റ്റ് ചെയ്യുന്നതിനുള്ള ഇടവേള ഒന്നര മണിക്കൂറിൽ നിന്ന് 15 മിനിറ്റായി കുറയ്ക്കും. രേഖയിൽ നിന്ന് നീക്കേണ്ട പരാമർശങ്ങൾ വന്നാൽ അതിനുള്ള സാവകാശം കിട്ടാനാണ് ഇടവേള.

നിയമസഭാ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും കാലോചിതമാറ്റങ്ങൾ വരുത്തുന്നതിനെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇ-നിയമസഭാ പദ്ധതിയും അന്തിമഘട്ടത്തിലാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയതലത്തിലുള്ള വനിതാ സാമാജികരെ പങ്കെടുപ്പിച്ച് രണ്ട് ദിവസത്തെ നാഷണൽ വിമൻ ലജിസ്ലേറ്റീവ് കോൺഫറൻസ് ഏപ്രിലിൽ സംഘടിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു.