തിരുവനന്തപുരം: കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത പകുതിയിലേറെപ്പേർക്കും ഇനിയും പണം കിട്ടിയിട്ടില്ല. വീടും വസ്തുക്കളുമുൾപ്പെടെയുളള ആസ്തികൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പുനരധിവാസം വൈകാനിടയാക്കുന്നു. വീടും തൊഴിലും ജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിച്ചാൽ മാത്രമേ പുതിയ ജീവിതത്തിലേക്ക് കടക്കാനാകൂ. നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നത് സാധാരണക്കാരെയാണ് കൂടുതൽ കഷ്ടത്തിലാക്കുന്നത്. കടകളും സ്ഥാപനങ്ങളുമുൾപ്പെടെ ഉപജീവനോപാധികൾ നഷ്ടമായവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവരിൽ പലരും ഇപ്പോൾ തൊഴിൽ രഹിതരാണ്. ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ടപ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ തർക്കത്തെ തുടർ‌ന്ന് കോടതിയുടെ പരിഗണനയിലിരിക്കുന്ന കുറച്ചു ഭൂമിയൊഴികെ ബാക്കി മുഴുവൻ സ്ഥലവും റവന്യൂവകുപ്പ് ഏറ്റെടുത്ത് ദേശീയപാതാ അതോറിട്ടിക്ക് കൈമാറിക്കഴിഞ്ഞു. 69.0475 ഹെക്ടർ സ്ഥലമാണ് ദേശീയപാതാ വികസനത്തിന് വേണ്ടത്. ഇതിൽ 64.0786 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. ഭൂമി വിലയായി 1544 കോടി രൂപ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിച്ചെങ്കിലും 679 കോടി രൂപയുടെ വിതരണം മാത്രമേ നടന്നിട്ടുള്ളൂ. 865 കോടി രൂപയോളം ഇനിയും അവകാശികൾക്ക് വിതരണം ചെയ്യാനുണ്ട്. ആറുമാസത്തിനകം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ഇക്കഴിഞ്ഞ നവംബറിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചതെങ്കിലും പകുതിയിലേറെപ്പേർക്കും തുക ലഭിച്ചിട്ടില്ല.

 വൈകാൻ കാരണം കൊവിഡ്

കൊവിഡ് മൂന്നാംതരംഗം മൂലമാണ് ജനുവരിയിൽ തുക വിതരണം ചെയ്യാൻ കഴിയാത്തതെന്ന് ദേശീയപാതാ അതോറിട്ടിയുടെയും ലാൻഡ് അക്വിസിഷൻ വിഭാഗത്തിന്റെയും വെളിപ്പെടുത്തൽ. ഭൂമിവില വിതരണം വേഗത്തിലാക്കാൻ ആറ്റിങ്ങൽ,​ കഴക്കൂട്ടം ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാ‌ർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിച്ച് നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാനുള്ള മാർഗങ്ങൾ ജില്ലാ ഭരണകൂടം ആലോചിച്ചുവരികയാണ്. നാളെ ആറ്റിങ്ങൽ,​ കഴക്കൂട്ടം മേഖലകളിൽ അദാലത്തുകൾ നടത്തി നഷ്ടപരിഹാരം വിതരണംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മാ‌ർച്ച് 31 ന് മുമ്പായി മുഴുവൻ പേരുടെയും നഷ്ടപരിഹാരത്തുക കൈമാറി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുമെന്ന് ഭൂമി ഏറ്റെടുക്കൽ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ സജികുമാർ അറിയിച്ചു.

 ദേശീയപാതാ വികസനത്തിന് ആവശ്യമായി വരുന്ന സ്ഥലം - 69.0475 ഹെക്ടർ

 ഇതുവരെ ഏറ്റെടുത്തത് - 64.0786 ഹെക്ടർ

 ഭൂമി വിലയായി ആകെ അനുവദിച്ചത്- 1544 കോടി രൂപ

 ഇതുവരെ വിതരണം ചെയ്തത് - 679 കോടി രൂപ