
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ സഭാസമ്മേളനത്തിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
നിരാകരണപ്രമേയം കൊണ്ടുവരണോയെന്ന് യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ഇന്നലെ വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് സതീശൻ മറുപടി നൽകി. വി.ഡി. സതീശനോ പ്രതിപക്ഷനേതാവോ അല്ല അത് തീരുമാനിക്കുക. നിയമസഭയിലെ തന്ത്രങ്ങൾ യു.ഡി.എഫ് ചേർന്ന് തീരുമാനിക്കും. പ്രതിപക്ഷനേതാവെന്ന നിലയിലെ ഏകോപനവും അഭിപ്രായ സമാഹരണവും നടത്തുകയെന്ന ചുമതലയാണ് തനിക്കുള്ളതെന്ന് സതീശൻ വ്യക്തമാക്കി.
ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ച രമേശിനോടുള്ള വിയോജിപ്പാണ് അദ്ദേഹത്തെ പേരെടുത്ത് പറയാതെ സതീശൻ പ്രകടമാക്കിയത്.പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നുവെന്ന പ്രചരണം സംബന്ധിച്ച വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴും ,സതീശൻ രമേശിനെതിരെ ഒളിയമ്പെയ്തു. പെൻഷൻ പ്രായ വർദ്ധനവുൾപ്പെടെ പല കാര്യങ്ങളിലും എല്ലാവരുമായും കൂടിയാലോചിച്ചേ അഭിപ്രായം പറയാനാവൂ. എല്ലാത്തിനും അഭിപ്രായം പറയാനുള്ള മാൻഡേറ്റ് തനിക്കില്ല. എല്ലാ കാര്യങ്ങളിലും ചാടിക്കയറി അഭിപ്രായം പറയേണ്ട കാര്യവുമില്ല.പാർട്ടിയിലെ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ പറഞ്ഞുതീർക്കുമെന്ന്, നേതൃതലത്തിലെ തർക്കം സംബന്ധിച്ച ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്.പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളും പരിഭവങ്ങളും സ്വാഭാവികമാണ്. അതെല്ലാം പറഞ്ഞുതീർക്കാൻ ഇപ്പോൾ പാർട്ടിയിലൊരു സംവിധാനമുണ്ട്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റും താൻ പ്രതിപക്ഷനേതാവുമായ ശേഷം നേതാക്കൾ തമ്മിൽ നിരന്തര ആശയവിനിമയമുണ്ട്. പ്രശ്നങ്ങളെല്ലാം അതിലൂടെ പറഞ്ഞുതീർക്കും. മുതിർന്ന നേതാക്കളെ വീട്ടിൽ സന്ദർശിച്ച് സംസാരിക്കുന്ന സമീപനമാണ് തങ്ങൾക്കുള്ളതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വ്യവസായ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് സ്വന്തം തൊഴിലാളികളെ കയറ്റിറക്കിന് ഉപയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ്. എന്നാൽ ആ വ്യവസ്ഥ പിൻതുടർന്ന കണ്ണൂരിലെ വ്യവസായ സ്ഥാപനത്തെ പൂട്ടിച്ചു. എന്നിട്ട് മന്ത്രിയുൾപ്പെടെയുള്ളവർ അതിനെ ന്യായീകരിക്കുന്നു.
ഗവർണർ പദവിയെ ബി.ജെ.പി വക്താവ് സ്ഥാനമാക്കി തരംതാഴ്ത്തി. നേരത്തേ ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ഗവർണർ പറയുന്നത്. പറയുന്ന ഒരു കാര്യത്തിലും സ്ഥിരത കാണിക്കാത്തയാളാണ് ഗവർണറെന്നും സിൽവർ ലൈനിനെതിരായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.