തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ ലൈബ്രറികളെയും ഡിജിറ്റലൈസ് ചെയ്‌ത് സംയോജിപ്പിച്ചുകൊണ്ട് എവിടെയിരുന്നും വിദ്യാർത്ഥികൾക്ക് വിവരങ്ങൾ ശേഖരിക്കാവുന്ന സംവിധാനത്തിനായി പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നിർമിച്ച ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അന്തർദ്ദേശീയ നിലവാരമുള്ള ജേർണലുകളുടെ കൺസോർഷ്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാവുന്ന രീതിയിലാണ് രൂപീകരണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ നിയമിച്ച മൂന്ന് കമ്മീഷനുകൾ ഇടക്കാല റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള റിപ്പോർട്ടും സമർപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തൊഴിൽ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതിനായി 20 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ സൃഷ്ടിക്കാവുന്ന വിധത്തിൽ വൈദഗ്ദ്ധ്യ പോഷണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ജോലിയും വൈദഗ്ദ്ധ്യവും തമ്മിലുള്ള സംയോജനം സാദ്ധ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം നിരവധി ജോബ് ഫെയറുകൾ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ.എസ്, കൗൺസിലർമാരായ നന്ദഭാർഗവ്, ഐ.എം. പാർവതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ബീന.പി, ജോയിന്റ് ഡയറക്ടർ കെ.എൻ. ശശികുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രേംകുമാർ. എം, പ്രിൻസിപ്പൽ സിനിമോൾ.കെ.ജി തുടങ്ങിയവരും പങ്കെടുത്തു.