vijayakumar

തിരുവനന്തപുരം:തുടർച്ചയായ രണ്ടാം വർഷമാണ് കൊവിഡ് കാരണം ആറ്റുകാൽ പൊങ്കാല ക്ഷേത്രത്തിൽ മാത്രമായി ചുരുങ്ങുന്നത്.ഇതിലൂടെ എനിക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപയാണ് - ഇത് പറയുമ്പോൾ കഴിഞ്ഞ 15 വർഷമായി ആറ്റുകാൽ പൊങ്കാലയ്ക്കായി ചെറുതും വലുതുമായ കലങ്ങളും പാത്രങ്ങളും നിർമ്മിച്ച് വിൽക്കുന്ന പാപ്പനംകോട് പാമാംകോട് സ്വദേശി വിജയകുമാറിന്റെ വാക്കുകളിൽ നിരാശയും ദുഃഖവും നിറയുന്നു.കൊവിഡ് കാലമായിട്ട് പോലും സർക്കാരിൽ നിന്ന് മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് യാതൊരു സഹായവും ലഭിച്ചില്ല.പൊങ്കാല വീടുകളിൽ ഒതുങ്ങിയതോടെ ഒരു വീട്ടിൽ ഒരു കലം മാത്രമായി മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.ഇതോടെ കലങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.

2020ൽ പൊങ്കാലയ്‌ക്കായി നിർമ്മിച്ച കലങ്ങളിൽ ബാക്കി ഉണ്ടായിരുന്നവ തൊട്ടടുത്ത വർഷം വിൽക്കാമെന്ന് കരുതിയെങ്കിലും കൊവിഡ് കാരണം പൊങ്കാല വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയത് തിരിച്ചടിയായി. പൊങ്കാല സീസണിൽ 1.50 ലക്ഷം രൂപയുടെ വരെ കച്ചവടം നടന്നിരുന്നു.ഈ വരുമാനം കൊണ്ടുവേണം അടുത്ത സീസൺ വരെ തള്ളിനീക്കേണ്ടത്.എന്നാൽ, രണ്ടാം തവണയും കൊവിഡ് വില്ലനായതോടെ ആ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണു.സഹകരണ ബാങ്കിൽ നിന്ന് മൂന്ന് വർഷം മുമ്പെടുത്ത 10 ലക്ഷം രൂപയുടെ വായ്‌പ അടച്ചുതീർന്നിട്ടില്ലെന്ന് വിജയകുമാർ പറഞ്ഞു.കൊവിഡ് കാലമായിട്ട് പോലും വായ്‌പ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് സമ്മർദ്ദം ചെലുത്തുകയാണ്.എന്നാലിപ്പോൾ കലങ്ങൾ വാങ്ങാൻ അധികം ആരുമെത്തുന്നുമില്ല.