തിരുവനന്തപുരം: പേരൂർക്കട അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി രാജേന്ദ്രനെ അന്വേഷണ സംഘം ഇന്നലെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കി. മാല മോഷ്ടിക്കുന്നതിനിടെ വിനിതയെ കൊലപ്പെടുത്തിയ ദിവസം രാജേന്ദ്രന്റെ കൈയിലുണ്ടായ മുറിവിന്റെ കാലപ്പഴക്കവും കൊലപാതകത്തിനിടെ സംഭവിച്ചതാണോ എന്ന കാര്യവും ശാസ്ത്രീയമായി തെളിയിക്കാനായിരുന്നു പരിശോധന.

മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയോട് പൊലീസ് നൽകിയ അഭ്യർത്ഥന പ്രകാരം ഇന്നലെയായിരുന്നു പരിശോധന. മുറിവിന്റെ സ്വഭാവം,​ പരിക്കിന്റെ രീതി എന്നിവ പരിശോധിച്ച ഫോറൻസിക് വിഭാഗം രാജേന്ദ്രനിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കൈയിലുണ്ടായ മുറിവിന്റെ പേരിൽ തന്നെ സംശയിക്കാതിരിക്കാൻ കൊലപാതകദിവസം രാത്രി രാജേന്ദ്രൻ കൈയിൽ ചിരവകൊണ്ടുള്ള മുറിവെന്നു പറഞ്ഞ് പേരൂർക്കട ആശുപത്രിയിൽ രാജേഷെന്ന പേരിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് സംഭവദിവസം രാജേന്ദ്രനെ പരിശോധിച്ച ഡോക്ടർമാരെയും ജീവനക്കാരെയും കാണിച്ച് ആളെ തിരിച്ചറിഞ്ഞു.

ചിരവ കൊണ്ടുള്ള മുറിവാണോ കൊലപാതകം തടയാനുളള വിനിതയുടെ ശ്രമത്തിനിടെ പിടിവലിയിൽ കത്തി കൈയിൽ കൊണ്ടതാണോയെന്നാണ് ഫോറൻസിക് വിഭാഗം കണ്ടെത്തേണ്ടത്. ഇത് കേസിലെ നിർണായക തെളിവാണ്. കൊലപാതകത്തിനുപയോഗിച്ച കത്തി എവിടെ ഉപേക്ഷിച്ചെന്ന കാര്യം വ്യക്തമാക്കാൻ രാജേന്ദ്രൻ ഇന്നലെയും തയ്യാറായില്ല. പരസ്‌പര വിരുദ്ധമായി കാര്യങ്ങൾ വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പേരൂർക്കട സി.ഐ സജികുമാർ അറിയിച്ചു.