pension

തിരുവനന്തപുരം: സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്ന് സർക്കാ‌ർ പിന്മാറുന്നു. എല്ലാ സർവകലാശാലകളിലും പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പ് ഉത്തരവിറക്കി.

ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം തുക എല്ലാ മാസവും പത്തിനകം പെൻഷൻ ഫണ്ടിലേക്ക് മാറ്റണം. ഇതിന്റെ പത്ത് ശതമാനം സംസ്ഥാന വിഹിതമായി സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്ന് വരവു വയ്ക്കാം. ശേഷിക്കുന്ന 15ശതമാനം തുക സർവകലാശാലകൾ തനതു ഫണ്ടിൽ നിന്ന് കണ്ടെത്തണം.

പെൻഷൻ ആവശ്യത്തിനായി സർവകലാശാല നിലവിൽ മാറ്റിവച്ചിരിക്കുന്ന തുക ഈ ഫണ്ടിലേക്ക് മാറ്റണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ നിന്നും ഏജൻസികളിൽ നിന്നും പെൻഷൻ നിർവഹണത്തിനായി ലഭിക്കുന്ന തുകയും ഫണ്ടിലേക്ക് മാറ്റണം. ഇതിനായി ട്രഷറി അക്കൗണ്ട് തുടങ്ങണം. പെൻഷൻ ഫണ്ടിലെ തുക സർക്കാ‌ർ അനുമതിയോടെ ഉയർന്ന പലിശ ലഭിക്കുന്ന ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാം. ഇതിന്റെ പലിശ ഫണ്ടിലേക്ക് മാറ്റണം. പെൻഷൻ വിതരണത്തിന് പണമില്ലെങ്കിൽ ബാങ്കുകളിൽ നിന്നോ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാം. ഈ പലിശ പെൻഷൻ ഫണ്ടിൽ നിന്ന് അടയ്ക്കാം.

സർവകലാശാലകളുടെ ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും, ഒരു സർവകലാശാലയിലും പെൻഷൻ ഫണ്ട് രൂപീകരിച്ചിട്ടില്ല. സർവകലാശാല രൂപീകൃതമായ വർഷം മുതൽ പെൻഷൻ ഫണ്ട് നിലവിൽ വന്നതായി വിജ്ഞാപനമിറക്കണം. പെൻഷൻ ഫണ്ട് ബോർഡ് ആറു മാസത്തിലൊരിക്കൽ ചേർന്ന് കണക്കുകൾ അംഗീകരിക്കണം . 2019ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ പരിഷ്‌കരണം നടപ്പാക്കേണ്ടത്.

പെൻഷൻ ഫണ്ടിൽ നിന്ന് നൽകാവുന്നത്
 സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ പെൻഷൻ, ക്ഷാമാശ്വാസം, ക്ഷാമാശ്വാസ കുടിശിക, ഡി.സി.ആർ.ജി, അനുതാപ ബത്ത, പെൻഷൻ കമ്മ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ, കുടുംബപെൻഷൻ, പെൻഷൻ പരിഷ്കരണ കുടിശിക

 നാഷണൽ പെൻഷൻ സ്കീമിലുൾപ്പെട്ട ജീവനക്കാരുടെ സർവകലാശാല അടയ്ക്കേണ്ട വിഹിതം

 നാഷണൽ പെൻഷൻ സ്കീമിലെ ജീവനക്കാർക്ക് സർക്കാർ അനുവദിക്കുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ, ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ സഹായം.

ഫീസുകൾ കൂട്ടേണ്ടി വരും

 സർവകലാശാലകൾക്ക് പെൻഷൻ ഫണ്ടിൽ 15 ശതമാനം തുക തനതു ഫണ്ടിൽ നിന്ന് നീക്കിവയ്ക്കാനാവില്ല.

 ആഭ്യന്തര വരുമാന വർദ്ധനവിന് വിവിധ ഇനം ഫീസുകൾ ക്രമാതീതമായി വർദ്ധിപ്പിക്കേണ്ടി വരും.

 പുതിയ സർവകലാശാലകൾ വന്നതോടെ ആഭ്യന്തര വരുമാനത്തിൽ കുറവുണ്ടായി.

പെൻഷൻകാരുടെ എണ്ണം

 കേരള- 5000

 അഗ്രികൾച്ചർ- 3000

 കാലിക്കറ്റ്-3000

 എം.ജി-1500