തിരുവനന്തപുരം: സർക്കാർ നിർദ്ദേശം ലംഘിച്ചാണ് കെ.എസ്.ഇ.ബിയിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കി അധിക ബാദ്ധ്യതയുണ്ടാക്കിയതെന്ന ചെയർമാൻ ഡോ. ബി. അശോകിന്റെ ആരോപണം മന്ത്രിയും സി.എ.ജിയും ശരിവച്ചു. കഴിഞ്ഞ വർഷം ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോൾ രണ്ട് നിർദ്ദേശങ്ങളാണ് കെ.എസ്.ഇ.ബി അവഗണിച്ചത്. പൊതുമേഖലാസ്ഥാപനങ്ങളിൽ ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് 2021 ജനുവരി 18ന് ഇറക്കിയ ഉത്തരവിലുണ്ട്. ശമ്പളപരിഷ്‌കരണത്തിന് ശേഷം സർക്കാർ അനുമതിവാങ്ങുന്ന പതിവ് ഉപേക്ഷിക്കണമെന്നും സർക്കാർ പറഞ്ഞിരുന്നു. ഇത് കെ.എസ്.ഇ.ബി പാലിച്ചില്ല.
മാത്രമല്ല നഷ്ടത്തിലുള്ള സ്ഥാപനമെന്ന നിലയിൽ കേഡർ അടിസ്ഥാനത്തിൽ ശമ്പളം പരിഷ്കരിക്കരുതെന്നും അത് വൻസാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. ഇതും അവഗണിച്ചു. മാത്രമല്ല സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച് 2018 ആഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിച്ചതിലൂടെ 1100 കോടിരൂപയുടെ കുടിശിക ബാദ്ധ്യതയുമുണ്ടായി. ഇക്കാര്യം സി.എ.ജി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പറഞ്ഞു.
ശമ്പളപരിഷ്കരണത്തിന് സർക്കാർ അനുമതി തേടിയിട്ടില്ലെന്നത് നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നതായി മന്ത്രി കൃഷ്ണൻകുട്ടിയും പറഞ്ഞു. ഇതോടെ ശമ്പളപരിഷ്കരണത്തിലൂടെയുണ്ടായ ബാദ്ധ്യത കെ.എസ്.ഇ.ബിയുടെ പ്രവർത്തന നഷ്ടമായി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചേക്കില്ല. ഇത്തരം നഷ്ടം വൈദ്യുതി നിരക്ക് പരിഷ്‌കരണത്തിലും പരിഗണിക്കില്ല. ഇത് സ്ഥാപനത്തിന്റെ നഷ്ടവും കൂട്ടും.