
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ആദിവാസി മേഖലയിൽ ആധുനിക സംവിധാനത്തോടെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിർമ്മാണം ആരംഭിക്കാനുള്ള സാദ്ധ്യത ആരായുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കോട്ടൂർ ആദിവാസിമേഖലയിൽ വാലിപ്പാറയിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിനായുള്ള നിർദിഷ്ട സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ വനാവകാശ നിയമപ്രകാരം കൈമാറിയിട്ടുള്ള ഭൂമിയിൽ ആധുനിക സംവിധാനത്തോടെയുള്ള സ്‌കൂൾ ആരംഭിക്കുന്നതിന് അപര്യാപ്തമാണ്. കൂടുതൽ സ്ഥലലഭ്യതയ്ക്കുള്ള സാദ്ധ്യത ആരായും. ഇതിനായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ സ്വീകരിക്കും. ഇതുകൂടാതെ ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള ആശുപത്രി സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവികളിൽ നിന്ന് ആദിവാസികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ ആവശ്യമായ ഇടങ്ങളിൽ കിടങ്ങുകൾ നിർമ്മിക്കാനുള്ള നടപടികൾ ആരായാൻ മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയോടൊപ്പം ജി. സ്റ്റീഫൻ എം.എൽ.എ, വനംവകുപ്പ് ഉദ്യോഗസ്ഥർ, എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി .മണികണ്ഠൻ, വൈസ് പ്രസിഡന്റ് രതിക, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ബ്ലോക്ക് പാഞ്ചായത്തംഗങ്ങളായ രമേശ്, സുനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.