kk

തിരുവനന്തപുരം: സി.പി.ഐക്ക് 'ദഹിച്ചി'ട്ടില്ലാത്ത ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ഭരണപക്ഷത്തിനുണ്ടാക്കിയ തലവേദനയ്ക്ക്, അപ്രതീക്ഷിതമായൊരു വേദനസംഹാര തൈലം 'നിരാകരണപ്രമേയ' വിവാദത്തിന്റെ രൂപത്തിൽ പ്രതിപക്ഷം സമ്മാനിക്കുന്നത് കണ്ടുകൊണ്ടാണ് പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് വെളളിയാഴ്ച തുടക്കമാകുന്നത്.

ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവർഷത്തെ ആദ്യസമ്മേളനത്തിന് തുടക്കമാവുക. ലോകായുക്ത ഭേദഗതി ഉയർത്തിയ വിവാദത്തിന് പുറമേ ഏറ്റവുമൊടുവിൽ കെ.എസ്.ഇ.ബിയെ ചൊല്ലിയുയരുന്ന അഴിമതിയാരോപണങ്ങൾ വരെ പ്രതിപക്ഷത്തിന് ഈ സമ്മേളനത്തിൽ ആയുധമാണ്. പ്രതിപക്ഷ ആക്രമണത്തിന് എരിവ് പകരാൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന്റെ ആത്മകഥയും അതിനുള്ള സ്വപ്ന സുരേഷിന്റെ മറുപടിയും ഗുണ്ടാ ആക്രമണങ്ങളും വ്യവസായസംരംഭങ്ങൾക്കെതിരായ കണ്ണൂരിലെ ട്രേഡ് യൂണിയൻ സമരവുമൊക്കെയായി വിഭവങ്ങളേറെ. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള നിയമഭേദഗതി ഓർഡിനൻസിനോട് ഇപ്പോഴും വിപ്രതിപത്തി തുടരുന്ന സി.പി.ഐയെയും അതിലൂടെ ഭരണമുന്നണിയെയും വെട്ടിലാക്കാൻ പോകുന്ന തന്ത്രങ്ങൾ പ്രതിപക്ഷം സഭയിൽ പുറത്തെടുത്തേക്കും

.ഓർഡിനൻസിനെതിരെ ഭരണഘടനാവ്യവസ്ഥ പ്രകാരം കൊണ്ടുവരാൻ സാധിക്കുന്ന നിരാകരണപ്രമേയം കൂട്ടത്തിലൊരായുധമായിരിക്കും. എന്നാൽ, ഇത് പ്രതിപക്ഷനേതാവിനോട് ആലോചിക്കാതെ രമേശ് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ചത് കോൺഗ്രസിനകത്ത് ഉയർത്തിവിട്ട അസ്വാരസ്യങ്ങളാണ് ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനെതിരെ കിട്ടിയിരിക്കുന്ന അപ്രതീക്ഷിത മറുആയുധം. പ്രതിപക്ഷ ആക്രമണത്തെ ഈ ചുരിക കൊണ്ട് ഭരണപക്ഷം പ്രതിരോധിക്കും.. അന്തരിച്ച പി.ടി. തോമസിന് ചരമോപചാരമർപ്പിച്ച് 21ന് സഭ പിരിയും. 22, 23, 24 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണ്. 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കില്ല. 11ന് അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റും അനുബന്ധരേഖകളും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. മാർച്ച് 14, 15, 16 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. 17ന് നടപ്പുവർഷത്തെ ബഡ്ജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥന ചർച്ച അടുത്ത സാമ്പത്തികവർഷത്തെ ആദ്യ നാല് മാസത്തെ ചെലവിനുള്ള വോട്ട് ഒൺ അക്കൗണ്ട് 22ന് അവതരിപ്പിക്കും. ഉപധനാഭ്യർത്ഥനകളെയും വോട്ട് ഒൺ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം മാർച്ച് 21നും 23നും പരിഗണിക്കും. 23ന് സമ്മേളനം അവസാനിക്കും.