തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച കാർഷികോത്പന്നങ്ങൾക്ക് 75 ലക്ഷം രൂപയുടെ കുടിശികത്തുക നൽകാതെ ഹോർട്ടി കോർപ്പിന്റെ ക്രൂരത. ആനയറ വേൾഡ് മാർക്കറ്റിലെ മുന്നൂറോളം കർഷകരാണ് ഇതോടെ ദുരിതത്തിലായത്. ഏഴുമാസമായി ഇവർക്ക് പണം ലഭിച്ചിട്ടില്ല. കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് കർഷകർ കൃഷിവകുപ്പിനെയും ഹോർട്ടി കോർപ്പിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
മരച്ചീനി, വാഴക്കുല, പച്ചക്കറികൾ അടക്കമുള്ള ഉത്പന്നങ്ങളാണ് കർഷകർ കൈമാറുന്നത്. പള്ളിച്ചൽ, കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലെ കർഷകരാണ് ഇവിടെ കാർഷികോത്പന്നങ്ങൾ നൽകുന്നത്. കൃഷിവകുപ്പ് ഇത് ഹോർട്ടി കോർപ്പിന് കൈമാറും. എന്നാൽ അടുത്തിടെ വിലക്കയറ്റമുണ്ടായതോടെ വിപണിയിൽ സാധനങ്ങളുടെ വില പിടിച്ചുനിറുത്തുന്നതിനായി ഹോർട്ടികോർപ്പ്, കർഷകർക്ക് നൽകേണ്ട കുടിശിക തുക വിനിയോഗിക്കുകയായിരുന്നു. സർക്കാർ പണം അനുവദിക്കാതെ കുടിശിക തീർക്കാൻ കഴിയില്ലെന്നാണ് ഹോർട്ടികോർപ്പിന്റെ നിലപാട്.
കർഷകരിൽ പലരും ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വരെ വായ്‌പയെടുത്താണ് കൃഷി ചെയ്യുന്നത്. കുടിശികത്തുക കിട്ടാതായതോടെ ഇവർ പലിശയ്‌ക്ക് പണമെടുത്ത് കൃഷി ചെയ്യേണ്ട അവസ്ഥയിലാണ്.