നെടുമങ്ങാട്: നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിക്ക് ലോട്ടറിക്കടയിൽ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വലതുകൈ വിരലുകൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 6 ഓടെ നെടുമങ്ങാട് ബിവറേജിന് മുന്നിൽ ലോട്ടറി വില്പന നടത്തുന്ന രാജലക്ഷ്മിയെ നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി മദ്യപിച്ച് അസഭ്യം പറയുകയായിരുന്നു. തുടർന്ന് രാജലക്ഷ്മി വിവരമറിയിച്ചതു പ്രകാരം എസ്.ഐ സ്ഥലത്തെത്തി. എസ്.ഐയെ കണ്ടപ്പോൾ ഷാഫി ആക്രമണകാരിയായി. ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇടുപ്പിൽ കരുതിയ കത്തിയെടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഷാഫിയുടെ കൈയിൽ നിന്ന് കത്തി പിടിച്ച് വാങ്ങുന്നതിനിടെയാണ് എസ്.ഐയുടെ കൈവിരലുകൾക്ക് പരിക്കേറ്റത്. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരെ മുമ്പും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് കേസുണ്ട്.