
തിരുവനന്തപുരം: കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടലുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി വിവിധ റാങ്ക് പട്ടികകളിലുള്ള 500 ഓളം ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്ന് സൂചന. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2,അസി. സർജൻ, കെ.എസ്.ഇ.ബി മസ്ദൂർ, വാട്ടർ അതോറിട്ടിമീറ്റർ റീഡർ എന്നീ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചേക്കും..
കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി.എസ്.സിയുടെ വാദം തള്ളി,വിവിധ റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ 2017-ലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരി വച്ചതാണ് ഉദ്യോഗാർത്ഥികൾക്ക് തുണയായത്. 2016 ജൂണിൽ 30-ന് കാലാവധി കഴിയാറായ വിവിധ റാങ്ക് പട്ടികകൾ സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് നീട്ടിയിരുന്നു. സർക്കാർ നൽകിയ മറ്റൊരു ശുപാർശയിൽ 2016 ഡിസംബർ 31-നും 2017 ജൂൺ 29-നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് പട്ടികളുടെ കാലാവധിയും ആറ് മാസം കൂടി നീട്ടാൻ പി.എസ്.സി തീരുമാനിച്ചിരുന്നു.
എന്നാൽ ആദ്യം കാലാവധി നീട്ടിയ പട്ടികയിലുള്ളവർക്ക് രണ്ടാമത്തെ നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പി.എസ്.സി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ,ഹർജിയിൽ നാലര വർഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവർക്കും രണ്ടാമത് പട്ടികയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ പി.എസ്.സി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, കാലാവധി നീട്ടിയ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാൻ തസ്തികകൾ നീക്കിവച്ചിട്ടുള്ളതായി പി.എസ്.സി അറിയിച്ചു.