തിരുവനന്തപുരം:മുട്ടത്തറ ബിവറേജിന് സമീപം കട കുത്തിത്തുറന്ന് 7500 രൂപയും 10,000 രൂപ വില വരുന്ന സാധനങ്ങളും മോഷ്‌ടിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുളളൂർ സ്വദേശി മേലേ പുതുവൽ പുത്തൻവീട്ടിൽ പങ്കരാസിന്റെ മകൻ നെൽസണെയാണ് (20) അറസ്റ്റ് ചെയ്‌തത്. ശംഖുംമുഖം എ.സി.പി പൃഥ്വിരാജിന്റെ നിർദ്ദേശാനുസരണം പൂന്തുറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.എസ് സജികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തു. നെൽസൺ മുമ്പും പോക്‌സോ കേസിലും നിരവധി മോഷണ കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.