തിരുവനന്തപുരം:ഈഞ്ചയ്‌ക്കൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മന്ത്രി ഡൽഹിയിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദേശീയപാത അതോറിട്ടി അധികൃതർ ഫ്ലൈ ഓവറിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിന് നടപടികളാരംഭിച്ചു.ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസമാണ്. ചെറുതും വലുതുമായ ആറു റോഡുകൾ സംഗമിക്കുന്ന ഈഞ്ചയ്‌ക്കൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിച്ച് ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.