mm

 സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്തു

തിരുവനന്തപുരം: വാഹനങ്ങളെക്കുറിച്ച് പഠിക്കാതെയും ഡ്രൈവിംഗ് അറിയാതെയും ഇനി ജോയിന്റ് ആർ.ടി.ഒമാരാകാൻ കഴിയില്ല. വകുപ്പുതല സ്ഥാനക്കയറ്റിന് സാങ്കേതിക പരിജ്ഞാനം നിർബന്ധമാക്കി

സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള ജോയിന്റ് ആർ.ടി.ഒമാർക്കും സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുള്ള ഫീഡർ വിഭാഗത്തിലെ സീനിയർ സൂപ്രണ്ടുമാർക്കും പുതിയ ഭേദഗതി ബാധകമല്ല. മറ്റുള്ളവർ അധിക യോഗ്യത നേടേണ്ടി വരും.
മോട്ടോർ വാഹന വകുപ്പിലെ ഓഫീസ് വിഭാഗം ജീവനക്കാർക്കും ജോയിന്റ് ആർ.ടി.ഒമാരായി സ്ഥാനക്കയറ്റം നൽകിയിരുന്നതാണ് ഒഴിവാക്കുന്നത്. സ്ഥാനക്കയറ്റത്തിലെ പൊരുത്തക്കേടുകൾ വകുപ്പിലുണ്ടാക്കുന്ന പ്രശ്നങ്ങളക്കുറിച്ച് 2020 സെപ്തബർ 16ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് ,മിനിസ്റ്റീരിയിൽ വിഭാഗത്തിൽപ്പെട്ടവർക്ക് സാങ്കേതിക യോഗ്യതയില്ലാതെ ജോയിന്റെ ആർ.ടി.ഒമാരായി നിയമനം നൽകുന്നത് ഒഴിവാക്കണമെന്ന് വകുപ്പുതല പ്രൊമോഷൻ കമ്മിറ്റിയും, ഭരണപരിഷ്‌കാര കമ്മിഷനും ശുപാർശ ചെയ്തു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിച്ച സുപ്രീംകോടതിയുടെ സമിതയും സാങ്കേതിക യോഗ്യത നിർബന്ധമാണെന്ന് നിഷ്‌കർഷിച്ചിരുന്നു. തുടർന്നാണ് സർക്കാർ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.
സാങ്കേതികപരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥർ ജോയിന്റ്ആർ.ടി.ഒമാരായി തുടരുന്നത് റോഡ് സുരക്ഷാ നടപടികളെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. വാഹനാപകടങ്ങളിലെ അന്വേഷണം, വാഹന പരിശോധന, തുടങ്ങിയവയ്ക്ക് മറ്റുദ്യോഗസ്ഥരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഹെവി ഡ്രൈവിംഗ് ടെസ്റ്റിന് സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടി വന്നിരുന്നു.

മിനിസ്റ്റീരിയിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാദ്ധ്യത നഷ്ടമാകാതിരിക്കാൻ അവർക്കായി പ്രത്യേക തസ്തികകൾ സൃഷ്ടിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.