
കഴിഞ്ഞ വർഷത്തെ കുടിശിക 2.45കോടി
തിരുവനന്തപുരം : കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം തലസ്ഥാന ജില്ലയിൽ വീട് നിർമ്മിച്ച ബി.പി.എൽ കുടുംബങ്ങൾ പ്രതിസന്ധിയിൽ.ജില്ലാ പഞ്ചായത്ത് വിഹിതമായ 98000രൂപയ്ക്ക് വേണ്ടി പാവപ്പെട്ടവർ ബ്ലോക്ക് ഓഫീസുകൾ കയറി ഇറങ്ങുകയാണ്. ഗുണഭോക്തക്കാൾക്കാവശ്യമായ തുക ജില്ലാ പഞ്ചായത്ത് 2020-21,2021-22 സാമ്പത്തിക വർഷങ്ങളിൽ വകയിരുത്താത്തതാണ് പട്ടികജാതിക്കാർ ഉൾപ്പെടയുള്ള ജനങ്ങളുടെ ദുരിതത്തിന് കാരണം.കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വിഹിത്തിന് പുറമേ ജില്ലാ,ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് വിഹിതങ്ങൾ കൂടിചേരുന്നതാണ് പി.എം.എ.വൈ പദ്ധതി.
2020-21സാമ്പത്തിക വർഷം വീട് നിർമ്മിച്ച 424കുടുംബങ്ങളാണ് ജില്ലാ പഞ്ചായത്ത് വിഹിതത്തിനായി കാത്തിരിക്കുന്നത്.2020-21 വർഷത്തിൽ 98,000 വീതം ലഭിക്കേണ്ട 424കുടുംബങ്ങൾക്ക് 40000രൂപവീതം ഈവർഷം ജനുവരിയിൽ നൽകി. ബാക്കി 58000 രൂപയാണ് ഓരോ കുടുംബത്തിനും ഇനി ലഭിക്കാനുള്ളത്.ഇതിനായി 2.45കോടി ജില്ലാ പഞ്ചായത്ത് കണ്ടെത്തണം.2021-22ൽ തുകമാറ്റിവയ്ക്കാത്തതിനാൽ പുതുതായി വീടുവയ്ക്കാൻ ഇറങ്ങുന്നവരും ഈ ബുദ്ധമുട്ട് നേരിടേണ്ടിവരും.ഈ വർഷം 1809കുടുംബങ്ങളാണ് ഗുണഭോക്തൃപട്ടികയിലുള്ളത്.ഇവർക്കായി 17.75കോടി നീക്കിവയ്ക്കേണ്ടിയിരുന്നു.എന്നാൽ അതും ഉണ്ടായില്ല.
വീടൊന്നിന് നാല് ലക്ഷം
കേന്ദ്ര സർക്കാർ 72,000
സംസ്ഥാന സർക്കാർ 48,000
ജില്ലാ പഞ്ചായത്ത് 98,000
ബ്ലോക്ക് പഞ്ചായത്ത് 1,12,000
ഗ്രാമപഞ്ചായത്ത് 70,000
സ്വന്തം കാര്യത്തിൽ കണ്ണടച്ചു
ഓരോ ജില്ലയിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്ന ഡി.പി.സിയുടെ (ഡിസ്ട്രിക്ട് പ്ലാനിംഗ് കമ്മിറ്റി) ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ ചിലർ ഡി.പി.സിയിലും അംഗങ്ങളാണ്.ജില്ലാപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഭരണനിർവഹണം നടത്തുന്ന ജില്ലാ പഞ്ചായത്തിലാണ് സുപ്രധാന പദ്ധതിക്ക് തുക മാറ്റിവയ്ക്കാതെ പദ്ധതിക്ക് ഡി.പി.സി അംഗീകാരം നൽകിയത്. പി.എം.എ.വൈ നിർബന്ധിത പദ്ധതിയായതിനാൽ അതിന് പണം നീക്കിവച്ചെന്ന് ഉറപ്പാക്കേണ്ട ചുമതല ഡി.പി.സിക്കാണ്.
'അഞ്ചു കോടിയോളം രൂപ അടിയന്തരമായി ലഭിക്കേണ്ടതുണ്ട്.ഇക്കാര്യം ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.'
-വിജയകുമാർ
പി.എം.എ.വൈ നിർവഹണ ഉദ്യോഗസ്ഥൻ
(ദാരിദ്ര്യ ലഖൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ)