
കല്ലമ്പലം: ചിത്രകഥകളിലൂടെ പരിചിതമായ കഥാപാത്രങ്ങൾ ആതിഥ്യമരുളിയപ്പോൾ മടവൂർ ഗവ.എൽ.പി.എസിലെ പ്രീപ്രൈമറി പ്രവേശനോത്സവം "കളിപ്പാട്ടം" പുതുദൃശ്യാനുഭവങ്ങളുടെ വേദിയായി. ചിത്രകഥയിലെ കഥാപാത്രങ്ങളായ ലുട്ടാപ്പിയും ഡാകിനിയും കുട്ടൂസനുമൊക്കെ തൊട്ടരുകിലെത്തിയപ്പോൾ കരച്ചിലും പരിഭവങ്ങളും പിണക്കങ്ങളും ഒന്നുമില്ലാതെ സ്കൂളിലേക്കുള്ള ആദ്യവരവ് ഹൃദ്യമായി. കിരീടമണിഞ്ഞും സമ്മാനപ്പൊതികൾ ഏറ്റുവാങ്ങിയും മധുരം നുണഞ്ഞും സ്കൂളിലേക്കുള്ള ആദ്യദിനം വേറിട്ട അനുഭവമായതിന്റെ ആവേശത്തിലായിരുന്നു രക്ഷിതാക്കളും കുട്ടികളും. കഥകൾ പറഞ്ഞും പാട്ടുപാടിയും കുസൃതി കുറുമ്പുകളുമായി എത്തിയ കുട്ടിക്കൂട്ടങ്ങളുടെ പ്രവേശനോത്സവം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എ.ഇക്ബാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ, പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, സ്റ്റാഫ് സെക്രട്ടറി റാഫി എ.എം, ബിന്ദു ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.