
ശീതസമരത്തിനും സോവിയറ്റ് യൂണിയന്റെ പതനത്തിനും ശേഷം ആഗോള രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ മറ്റൊരു ഏടാണ് യുക്രെയിൻ സംഘർഷം വെളിവാക്കുന്നത്. ലോക രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള റഷ്യയുടെ തിരിച്ചുവരവും, ചൈനയുടെ വളർച്ചയും ലോകത്തെ ഒന്നാം നമ്പർ ശക്തിയായി തുടരാനുള്ള അമേരിക്കയുടെ പെടാപ്പാടുമാണ് ഈ പ്രശ്നം പ്രതിഫലിപ്പിക്കുന്നത്. കൂടാതെ വളരുന്ന റഷ്യ - ചൈന ബന്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതും ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്.
റഷ്യക്ക് വേണ്ടത്
യൂറോപ്പിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് യുക്രൈനെ യുദ്ധഭീതിയുടെ മുൾമുനയിൽ നിറുത്തി, റഷ്യ ലോകത്തോട് ആവശ്യപ്പെടുന്നത്. മോസ്‌കോ ഉൾപ്പെടെയുള്ള റഷ്യൻ ഹൃദയ ഭൂമികയുടെ പുറംവാതിൽ എപ്പോഴൊക്കെ ബാഹ്യശക്തികൾക്ക് മുന്നിൽ തുറന്നുകിടന്നിട്ടുണ്ടോ അന്നൊക്കെ റഷ്യ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ നെപ്പോളിയന്റെ ആക്രമണവും , 20-ാം നൂറ്റാണ്ടിൽ നാസി ജർമ്മനിയുടെ കടന്നുകയറ്റവും പരാജയപ്പെട്ടെങ്കിലും അത് സംഭവിക്കാൻ കാരണം റഷ്യയിലേക്കുള്ള പുറം വാതിലുകൾ തുറന്നുകിടന്നതുകൊണ്ടാണ്. റഷ്യയോട് അതിർത്തി പങ്കിടുന്ന കിഴക്കൻ യൂറോപ്പിലെയും മദ്ധ്യ ഏഷ്യയിലെയും രാജ്യങ്ങളെ സ്വാധീനത്തിലാക്കേണ്ടത് തങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് റഷ്യ വിശ്വസിക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തോടുകൂടി ഈ പ്രദേശത്തെ രാജ്യങ്ങൾ നാറ്റോയുടെ സ്വാധീനത്തിലായി. യുക്രയിനും ജോർജിയയും മാത്രമാണ് ഇവിടെനിന്ന് ഇനി നാറ്റോ അംഗമാകാനുള്ളത്. സോവിയറ്റ് സ്വാധീനത്തിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങൾ നാറ്റോയിൽ അംഗമായപ്പോൾ, ശക്തി ക്ഷയിച്ച റഷ്യയ്‌ക്ക് നിസഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ യുക്രയിൻ നാറ്റോയിൽ അംഗമാകാൻ നടത്തുന്ന ശ്രമങ്ങൾ കൈയുംകെട്ടി നോക്കിനിൽക്കാൻ റഷ്യ സന്നദ്ധമല്ല.
രക്ഷകനായി പുടിൻ
ശീതസമരത്തോട് കൂടി ഛിന്നഭിന്നമായ സോവിയറ്റ് യൂണിയനിൽ ശേഷിച്ച റഷ്യയിൽ 2000-ലാണ് പുടിൻ അധികാരത്തിലെത്തുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ, പുടിൻ റഷ്യയിൽ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കി. തുടർന്ന് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ 22 വർഷത്തിനുള്ളിൽ റഷ്യ സാമ്പത്തികമായും സൈനികമായും വളരെ ശക്തിപ്പെട്ടു. ഇന്ന് തങ്ങൾക്ക് എതിരെയുള്ള നീക്കങ്ങളെ സൈനികമായി നേരിടാനുള്ള ശക്തി റഷ്യയ്‌ക്കുണ്ട്. ഈ ശക്തിയാണ് യുക്രെയിനെ വളഞ്ഞുവച്ച്, അമേരിക്കയോടും യൂറോപ്പിനോടും വില പേശാൻ പുടിനെ പ്രാപ്തനാക്കുന്നത്. 2008-ൽ ജോർജിയയിൽ സൈനികമായി ഇടപെട്ടും, 2014-ൽ ക്രിമിയയെ പിടിച്ചടക്കിയും, സുരക്ഷ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നേരത്തെ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ, അർമേനിയ, അസർബൈജാൻ ബലറൂസ്, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളിലും റഷ്യ സൈനികമായി അടുത്തകാലത്ത് ഇടപെട്ടിട്ടുണ്ട്. പുടിൻ റഷ്യൻ സുരക്ഷയുടെ കാവലാളായി മാറുന്ന കാഴ്ചയാണ് ഇവിടെയൊക്കെ കാണാൻ കഴിയുന്നത്.
എന്തുകൊണ്ട്
പടയൊരുക്കം
ഭൂമിശാസ്ത്രപരമായി നാറ്റോയുടെ കിഴക്കൻ യൂറോപ്പിലൂടെ റഷ്യയിലേക്കുള്ള കടന്നുകയറ്റ പാതയാണ് യുക്രെയിൻ. കിഴക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ, യുക്രെയിൻ - നാറ്റോയിൽ ചേരുന്നത്, റഷ്യയുടെ നിലനില്പിന്റെ പ്രശ്നമാണ്. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ, മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ യുക്രെയിനിൽ കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ചരിത്രപരമായും സാംസ്കാരികമായും യുക്രെയിൻ തങ്ങളുടെ ഭാഗമാണെന്നാണ് റഷ്യയുടെ വാദം. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സ്വാധീനവും സുരക്ഷയുമാണ് യുക്രെയിൻ പടയൊരുക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. യുക്രെയിൻ ഒരിക്കലും നാറ്റോയുടെ അംഗമാകരുതെന്നും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളായ പോളണ്ടിലും റുമേനിയയിലും റഷ്യയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്ന മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ പിൻവലിക്കണമെന്നുമാണ് റഷ്യൻ ആവശ്യം. പുടിൻ വിഭാവനം ചെയ്യുന്ന റഷ്യൻ സുരക്ഷ, യുക്രെയിനെ വരുതിയിലാക്കുന്നതോടു കൂടി സാദ്ധ്യമാകും. മാത്രവുമല്ല പടയൊരുക്കം റഷ്യയുടെ അഭിമാനത്തിന്റെയും അതിലൂന്നി പുടിന്റെ അധികാര തുടർച്ചയുടെയും പ്രശ്നമാണ്.
ഇന്ത്യൻ നിലപാടും
റഷ്യ - ചൈന സഖ്യവും
യുക്രെയിൻ സംഘർഷത്തിൽ നിഷ്‌പക്ഷ നിലപാടാണ് ഇന്ത്യയ്ക്ക്. ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ സമാധാനപരമായ മാർഗത്തിലൂടെ ഉറപ്പാക്കണമെന്നാണ് ഇന്ത്യൻ സമീപനം. റഷ്യക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 30ന് ഐക്യരാഷ്ട്ര സുരക്ഷ സമിതിയിൽ, അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നു.
ഇക്കാര്യത്തിൽ ഇന്ത്യയെ കുഴക്കുന്നത് വളർന്നുവരുന്ന, റഷ്യ - ചൈന കൂട്ടുകെട്ടാണ്. യുക്രെയിൻ വിഷയത്തിൽ ചൈന റഷ്യയ്‌ക്ക് നല്‌കുന്ന പിന്തുണ തയ്‌വാൻ വിഷയത്തിൽ റഷ്യ ചൈനയ്‌ക്ക് നല്‌കുന്ന പിന്തുണയുമായി കൂട്ടിവായിക്കേണ്ടതാണ്. ആഗോള രാഷ്ട്രീയത്തിൽ അമേരിക്കൻ വിരുദ്ധ ചേരികൾ നേതൃത്വം നൽകുന്ന റഷ്യയും ചൈനയും സ്വീകരിക്കുന്ന നിലപാടുകൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. ചൈന ഉയർത്തുന്ന ഭീഷണിയെ നേരിടുവാൻ, അമേരിക്കയോട് ചേർന്നുനിൽക്കുന്ന ഇന്ത്യയ്ക്ക് റഷ്യ - ചൈന സഖ്യത്തിന്റെ ഭാവിപരിപാടി വെല്ലുവിളിയാണ്.
ചുരുക്കത്തിൽ മാറിമറിയുന്ന ആഗോളശക്തി ബലാബലത്തിൽ രൂപംകൊള്ളുന്ന പുതിയ ലോകക്രമത്തിന്റെ പ്രതിഫലനം കൂടിയാണ് യുക്രെയിന് എതിരെയുള്ള പടയൊരുക്കം സൂചിപ്പിക്കുന്നത്. റഷ്യയും അമേരിക്കയും ഒത്തുചേർന്ന് അമേരിക്കൻ നിലപാടുകളെ ചെറുക്കുമ്പോൾ, അമേരിക്കൻ ചങ്ങാതിയായ ഇന്ത്യ വളരെ സൂക്ഷ്മതയോടെ നീങ്ങേണ്ട സമയമാണ്.
കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകനാണ്