psc

സാമ്പത്തിക ചുറ്റുപാടുകൾ മോശമാണെങ്കിൽ ഒരു ജോലി എന്നത് ദാഹജലത്തോളം തന്നെ പ്രധാനമാണ്. ഒരു സർക്കാർ ജോലി ഇക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള കാര്യവുമാണ്. സർക്കാരിലെ ചെറിയ തസ്തികകളിലെ ജോലികൾക്ക് പോലും ഇപ്പോൾ ഉയർന്നതും മാന്യവുമായ ശമ്പളമാണ് . ജോലി കാലയളവ് കഴിഞ്ഞാൽ മരണം വരെ പെൻഷനും ലഭിക്കും. പെൻഷൻ തുകയിലും വലിയ വർദ്ധനവ് വന്നിട്ടുണ്ട്. അതിനാൽ ഒരു സർക്കാർ ജോലി സാധാരണ മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമാണ്. അതിന് ആശ്രയിക്കാവുന്ന ഏക വഴിയാണ് പി.എസ്.സി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാവും പി.എസ്.സി ഒരു തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുക. പരീക്ഷയും റിസൽട്ടും വന്ന് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താനും വർഷങ്ങളുടെ കാലതാമസം വരും. പിന്നെ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാൻ വേഴാമ്പലുകളെപ്പോലെ കാത്തിരിപ്പ് തുടങ്ങും. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ഇഴഞ്ഞിഴഞ്ഞാണ് നിയമന നടപടി മുന്നോട്ട് പോകുക. ഇതിനിടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറാവും. ഉദ്യോഗാർത്ഥികൾ നിവേദനം നൽകലും സമരപരിപാടികളും കോടതിയെ സമീപിക്കലുമൊക്കെ നടത്തും.

സാധാരണഗതിയിൽ പി.എസ്.സി സർക്കാർ അനുമതിയോടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറച്ചുകൂടി നീട്ടിനൽകും. അങ്ങനെയാണ് പതിവ്. എന്നാൽ കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളിലെ എല്ലാവർക്കും നിയമനത്തിന് അർഹതയില്ലെന്ന് അടുത്തിടെ പി.എസ്.സി നിലപാടെടുത്തു. 2016 ജൂൺ 30ന് കാലാവധി തീരാറായ വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയിരുന്നു. സർക്കാരിന്റെ ശുപാർശ പ്രകാരം 2016 ഡിസംബർ 31നും 2017 ജൂൺ 29 നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ആറുമാസം കൂടി നീട്ടി. എന്നാൽ ആദ്യം കാലാവധി നീട്ടിയ ആദ്യ ലിസ്റ്റിലുള്ളവർക്ക് രണ്ടാമത് ലിസ്റ്റ് നീട്ടിയപ്പോഴുള്ള ആനുകൂല്യം ലഭിക്കില്ലെന്നായിരുന്നു പി.എസ്.സി തീരുമാനം. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ ആദ്യം ഹൈക്കോടതിയിൽ ഹർജി നൽകി. നാലരവർഷം കഴിയാത്ത എല്ലാ റാങ്ക് ലിസ്റ്റിലുള്ളവർക്കും രണ്ടാമത് ലിസ്റ്റ് നീട്ടാനുള്ള തീരുമാനം ബാധകമാണെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ പി.എസ്.സി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഇതോടെയാണ് 2017ൽ കാലാവധി രണ്ടാമതും നീട്ടാത്ത റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികളിൽ പലർക്കും നിയമനത്തിന് സാദ്ധ്യത തെളിഞ്ഞത്. അഞ്ഞൂറോളം ഉദ്യോഗാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് -2, അസി.സർജൻ, കെ.എസ്.ഇ.ബി മസ്‌ദൂർ, വാട്ടർ അതോറിട്ടി മീറ്റർ റീഡർ എന്നീ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനത്തിന് വഴി തെളിയുന്നത്. അഞ്ഞൂറോളം പേർക്ക് സർക്കാർ ജോലി ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും ലിസ്റ്റിലുള്ള പലർക്കും ഇനി അപേക്ഷിക്കാൻ പോലും കഴിയാത്ത രീതിയിൽ പ്രായപരിധിയിൽ മാറ്റം വന്ന സ്ഥിതിക്ക്. സർക്കാരിന്റെ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു കൂടി അതിവേഗത്തിലാക്കിയാൽ അതിന്റെ ഗുണം കൂടുതൽ പേർക്ക് ലഭിക്കാതിരിക്കില്ല.