
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കാനും ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രി അദ്ധ്യക്ഷനായി പ്രദർശന കേന്ദ്രങ്ങളിൽ സംഘാടക സമിതി രൂപീകരിക്കും. സർക്കാരിന്റെ ഒരു വർഷത്തെ നേട്ടങ്ങളും സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തിൽ എത്തിയതിന്റെ ചരിത്രവും, നേടിയ അംഗീകാരങ്ങളുമാകും പ്രദർശനത്തിൽ ഉൾപ്പെടുത്തുക. വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഉപയുക്തമാകുംവിധം ചിത്രീകരിക്കും. വിനോദ വാണിജ്യ പരിപാടികളും ഉണ്ടാകും.